ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപെട്ടത്‌ 36,050 പേര്‍ ; കൊല്ലപെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും..... International_News


തെക്കൻ ഗാസയിൽ റഫ നഗരത്തിലെ അഭയാർഥിക്കൂടാരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വൻ തീപിടിത്തത്തിലും കൊല്ലപ്പെട്ട പലസ്തീൻകാർ 45 ആയി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 249 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇസ്രയേൽ അതിക്രമത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരവേ, റഫയിലേതു ദാരുണമായ പിഴവാണെന്നും അന്വേഷണം നടത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം നിർത്തണമെന്ന യുഎൻ ലോകകോടതിയുടെ ഉത്തരവ് ഇസ്രയേൽ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രി റഫയ്ക്കു തെക്കുപടിഞ്ഞാറു തലാസ് സുൽത്താൻ അഭയാർഥിക്യാംപിൽ അന്തേവാസികൾ ഉറങ്ങാൻ പോകുന്ന നേരമാണു ബോംബാക്രമണമുണ്ടായത്. പിന്നാലെ കൂടാരങ്ങളിലേക്കു തീപടർന്നു. കത്തിയമർന്ന കൂടാരങ്ങളുടെയും മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കൻ ഗാസയിലെ ജബാലിയ, മധ്യഗാസയിലെ അൽ നുസുറത്ത് അഭയാർഥി ക്യാംപുകളിലും ആക്രമണം തുടർന്നു.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഹമാസിന്റെ 2 സീനിയർ കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഹമാസ് കമാൻഡർ യാസീൻ റാബിയ, മുതിർന്ന നേതാവ് ഖാലിദ് നാഗർ എന്നിവരെയാണു ലക്ഷ്യമിട്ടതെന്നാണു സൂചന. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

വെന്തുമരിച്ച കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഉടൻ വെടിനിർത്തണമെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ ആവശ്യപ്പെട്ടു. ആക്രമണത്തെ ഫ്രാൻസ്, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. അതിനിടെ, ഇന്ത്യൻ സമുദ്രത്തിൽ മൂന്നു കപ്പലുകൾക്കും ചെങ്കടലിൽ 2 യുഎസ് യുദ്ധക്കപ്പലുകൾക്കും നേർക്ക് മിസൈലാക്രമണം നടത്തിയെന്ന് യെമനിലെ ഹൂതികൾ പറഞ്ഞു.ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 36,050 പലസ്തീൻകാർ 81,026 പേർക്കു പരുക്കേറ്റു.
MALAYORAM NEWS is licensed under CC BY 4.0