ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ജൂലൈ 2025 | #NewsHeadlines

• ഐ ടി വ്യവസായത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് കൈവരിക്കുന്നതെന്നും ഒരു ലക്ഷം കോടിയിലേക്ക് കേരളത്തിന്റെ ഐ ടി കയറ്റുമതി എത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

• കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

• കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിന് സസ്‌പെന്‍ഷന്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.

• സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ ഡിസംബറിൽ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ്‌ ആരംഭിച്ചു. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ ലഭ്യമാക്കാനുമാണ്‌ പദ്ധതി.

• രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനേട്ട സർവേയിൽ (നാസ്‌) അഭിമാന നേട്ടവുമായി കേരളം. ദേശീയ തലത്തില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2024ലെ നാസ്‌ റിപ്പോർട്ട്‌ അനുസരിച്ച്‌ 65.33 പോയിന്റോടെ രാജ്യത്ത്‌ രണ്ടാമതാണ്‌ കേരളം.

• വോട്ടർപ്പട്ടികയിൽനിന്ന്‌ വ്യാപകമായി ആളുകളെ പുറന്തള്ളാനും കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ കുടിയേറ്റ തൊഴിലാളികളെ കുത്തിനിറയ്‌ക്കാനും വഴിയൊരുക്കുന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ്‌ കമീഷൻ.

• എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം. ഇറാഖിനെ അഞ്ച്‌ ഗോളിന്‌ തോൽപ്പിച്ചു. ശനിയാഴ്‌ച ആതിഥേയരായ തായ്‌ലൻഡിനെ കീഴടക്കിയാൽ അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കാം.

• പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആഗസ്‌ത്‌ 21 വരെ ചേരും. സമ്മേളനം വിളിച്ചുചേർക്കാൻ രാഷ്‌ട്രപതി അനുമതി നൽകിയെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു സമൂഹമാധ്യമത്തിൽ അറിയിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്‌ത്‌ 13നും 14നും പാർലമെന്റ്‌ സമ്മേളിക്കില്ല.

• സുപ്രീംകോടതി ജീവനക്കാരെ നിയമിക്കുന്നതില്‍ ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി , പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ മാതൃകാ സംവരണ പട്ടിക പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലറിലൂടെ അറിയിച്ചു. ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായി ഇമെയില്‍ വഴി ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് സംവരണ വിവരങ്ങള്‍ അറിയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0