മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്.
21 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നും അവർ അപേക്ഷിച്ചിട്ടും മകളുടെ ജീവൻ രക്ഷിക്കാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു. ബോധം നഷ്ടപ്പെട്ടതോടെ മകൾ മരിച്ചുവെന്ന് കരുതി മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാരാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ശിവമോഗയിലെ മക്ഗൺ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സൊറാബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്നും ശിവമോഗ എസ്പി ജി കെ മിഥുൻ കുമാർ പറഞ്ഞു. പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.