ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 02 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്കുള്ള സാധ്യത നിലനിർത്തി  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

• രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപന ശൃംഖല തകർത്ത്‌ നാർക്കോട്ടിക്‌ കൺട്രോൺ ബ്യൂറോ. എൻസിബി കൊച്ചി യൂണിറ്റിന്‍റെ നാല്‌ മാസങ്ങൾ നീണ്ട ‘മെലോൺ’എന്ന ദൗത്യമാണ് വിജയം കണ്ടത്.

• വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ്. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു.

• ഓണത്തിന്‌ അധിക അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന്‌ സഹായം അനുവദിക്കാനാകില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചു.

• വയനാട്‌ ജില്ലയിലെ 3000ത്തോളം ഭൂരഹിത പട്ടികവർഗക്കാർക്ക്‌ സുൽത്താൻ ബത്തേരി മരിയനാട് എസ്റ്റേറ്റ് ഭൂമി ഉടൻ പതിച്ചു നൽകുന്നു. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്‌ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചതായും മന്ത്രി ഒ ആർ കേളു അറിയിച്ചു.

• നാഷണൽ ഹെറാൾഡ്‌ കേസിൽ കോൺഗ്രസ്‌ നേതാക്കളായ സോണിയ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും പ്രധാന പ്രതികളാക്കി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ബുധനാഴ്‌ച മുതൽ പ്രതിദിനവാദം ആരംഭിക്കും. ഡൽഹി റൗസ്‌ അവന്യൂ പ്രത്യേക കോടതി ജഡ്‌ജി വിശാൽ ഗോഗ്നെയ്ക്ക്‌ മുമ്പാകെ ജൂലൈ എട്ടുവരെയാണ്‌ വാദം.

• സപ്ലൈകോയിൽനിന്ന്‌ ഈ മാസം മുതൽ എട്ട്‌ കിലോ കെ റൈസ്‌ വിതരണം ചെയ്യും. കാർഡുടമകൾക്ക്‌ രണ്ട്‌ തവണയായി വാങ്ങാം. നിലവിൽ അഞ്ച്‌ കിലോയാണ്‌ നൽകുന്നത്‌.

• പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാശ്മീരിലെ ടൂറിസത്തെ നശിപ്പിക്കാൻ ആയിരുന്നു ശ്രമം. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനും ഭീകരവാദികൾ ലക്ഷ്യം വെച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0