രാജിയില്ലെങ്കിൽ പുറത്താക്കും; മുഖം രക്ഷിക്കാൻ രാഹുലിനെ കൈയൊഴിഞ്ഞു കോൺഗ്രസ്, കടുത്ത തീരുമാനത്തിലേക്ക്. #Rahul_Mankoottathil


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്ന നിലപാടിലുറച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ഇതോടെ രാഹുലിന് രാജി സമ്മർദ്ദമേറുകയാണ്.

 രാഹുൽ രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനൊരുങ്ങുകയാണ് കോൺഗ്രസ്. 

രാഹുൽ രാജിവച്ചാൽ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. രാഹുൽ രാജി വച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്നത് വിവരങ്ങൾ.

എന്നാൽ രാഹുലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസിനുളളിലുണ്ട്. രാജിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അടൂരിലെ നെല്ലിമൂടുളള വീട്ടിൽ ചർച്ചകൾ തുടരുകയാണ്. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്താനായി രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് വിലക്കുകയായിരുന്നു.

ഇന്ന് വൈകിട്ടോടെ ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. 


രാഹുലിനെ രക്ഷിക്കാൻ പല രീതികൾ ശ്രമിച്ചെങ്കിലും ഒന്നും വിലപോകാത്ത സാഹചര്യത്തിൽ ആണ് രാജിയിലേക്ക് കോണ്ഗ്രസ് നേതൃത്വം പോകുന്നത്. രാജി വെപ്പിച്ചാൽ മറ്റ് നേതാക്കളുടെ ചില രഹസ്യങ്ങൾ പുറത്ത് വരുമെന്ന് നേതൃത്വം ഭയക്കുന്നുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0