ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ നിയമപരമായ തീരുമാനമെടുക്കുമെന്നും ജാർഖണ്ഡ് സ്വദേശിയായതിനാൽ അവിടത്തെ സിഡബ്ല്യുസി ബന്ധപ്പെട്ടാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ വിൻസെന്റ് ജോസഫ് വ്യക്തമാക്കി. എറണാകുളത്തെ സിഡബ്ല്യുസി സെന്ററിൽ കുട്ടി സുരക്ഷിതയായിരിക്കുമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയെ ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്ക് ശരിയായ പരിചരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിക്ക് 'നിധി' എന്ന് പേര് നല്‍കിയിരുന്നു.
കോട്ടയത്തെ ഒരു മത്സ്യഫാമിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സാധാരണ കുട്ടികളെപ്പോലെ പാൽ കുടിക്കാൻ കഴിയുന്ന അവസ്ഥയിലാണ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായുടെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യൽ ഓഫീസർ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. നവജാത ശിശു സംരക്ഷണ യൂണിറ്റിലെ നഴ്‌സുമാർ പ്രത്യേക പരിചരണം നൽകി.