• അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ പ്രതിയാക്കി
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ
കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
• സംസ്ഥാനത്തെ സൈബർ സുരക്ഷയുമായി
ബന്ധപ്പെട്ട സമഗ്ര മാർഗരേഖയായ ‘കേരള സെക്ടറൽ സൈബർ ക്രൈസിസ് മാനേജ്മെന്റ്
പ്ലാൻ’ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മാർഗരേഖയുടെ ഭാഗമായി ചീഫ്
സെക്രട്ടറി അധ്യക്ഷയായി ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ട്.
• വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ
വികസനത്തിന് 271 കോടി രുപയുടെ പദ്ധതി. പുതിയ മത്സ്യബന്ധന തുറമുഖം
വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ
പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക്
വാട്ടർ നിർമ്മാണവും സിഡബ്ല്യൂപിആർസി സമർപ്പിച്ച അന്തിമ രൂപരേഖയുടെ
അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി നിർവ്വഹിക്കും.
• സംസ്ഥാനത്തെ നദികളില്‍ 30,000 കോടി രൂപയുടെ മണല്‍ നിക്ഷേപമുണ്ടെന്ന്
കണ്ടെത്തല്‍. 14 നദികളില്‍ മാത്രമായി 1.73 കോടി ടണ്‍ മണല്‍ അടിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് കരകയറാനാവുന്നത്ര മണല്‍
നിക്ഷേപം കേരളത്തിലെ 44 നദികളിലുണ്ടെന്നാണ് റവന്യു വകുപ്പ്
കണ്ടെത്തിയിട്ടുള്ളത്.
• മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ
എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹെെക്കോടതിയില്‍.
എഴുതിത്തള്ളാന്‍ എന്താണ് തടസമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു.
വായ്പകള്‍ പുനഃക്രമീകരിക്കാമെന്നും പലിശയിളവ് നല്‍കുന്നത്
പരിഗണിക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
• ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട്
എട്ടു വിക്കറ്റിന് തോറ്റു. 152 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 17.3 ഓവറിൽ
മറികടന്നു.
• രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്.
കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ
എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ്
റിപ്പോർട്ടുകൾ. മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ്
പ്രതീക്ഷിക്കുന്നത്.