എൻവിഎസ്-02 ഭ്രമണപഥത്തിലെത്തി, ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയകരമായിരുന്നു. ഇന്ന് രാവിലെ 6.23നാണ് ജിഎസ്എൽവി എഫ്15 റോക്കറ്റ് കുതിച്ചുയർന്നത്. തദ്ദേശീയ നാവിഗേഷൻ പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമായ എൻവിഎസ്-02നെ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ച് 20-ാം മിനിറ്റിൽ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിനായുള്ള 27 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച പുലർച്ചെ 2.53ന് ആരംഭിച്ചു.
നാവിഗേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള രണ്ടാം തലമുറ ഉപഗ്രഹമാണ് എൻവിഎസ്-02. കൃത്യമായ പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് എന്നിവ നൽകാനും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുമുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപഗ്രഹത്തിലുണ്ട്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രം 1971-ൽ ആരംഭിച്ചു.
ആദ്യത്തെ ദൗത്യം 1979-ലായിരുന്നു. ആദ്യ വിക്ഷേപണം SLV 3E1 ആയിരുന്നു. 1993-ൽ പി.എസ്.എൽ.വി വിക്ഷേപണം ആരംഭിച്ചു. 2001-ൽ ജി.എസ്.എൽ.വി., 2014-ൽ എൽ.വി. എം.3, 2022-ൽ എസ്.എസ്.എൽ.വി. ശ്രീഹരിക്കോട്ടയിൽ നിന്ന് PAT ദൗത്യങ്ങൾ പുറപ്പെട്ടു.