ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 22 ഡിസംബർ 2024 | #NewsHeadlinesToday

• വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക. സ്ഥലമെറ്റെടുക്കൽ വീടുകളുടെ നിർമ്മാണം എന്നിവയിൽ തീരുമാനം ഉണ്ടാകും.

• കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി.

• അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന എം ടി വാസുദേവൻ നായർ നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

• ഇടുക്കി മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുട്ടം എൻജനിയറിങ് കോളജ് വിദ്യാർഥികളായ ഡോണൽ ഷാജി, അലക്‌സ റെജി എന്നിവരാണ് മരിച്ചത്.

• വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിച്ചു.

• റഷ്യയിലെ കസാനിൽ ഉയരം കൂടിയ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. കസാനിൽ എട്ട് ഡ്രോണുകൾ ഉപയോ​ഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ നിരവധി ബഹുനില കെട്ടിടങ്ങളിൽ ഡ്രോൺ ഇടിച്ചതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

• ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി.

• തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.  ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്.

• തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ നിര്‍വഹണ ചട്ടങ്ങളില്‍ ധൃതിപിടിച്ച് ഭേദഗതി വരുത്തി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞുകൊണ്ടാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ചട്ട ഭേദഗതി.

• നടൻ ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0