• മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര
ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന
തമിഴ്‌നാടിന്റെ വാദം തള്ളി.
• ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ.
• ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ
എണ്ണം 24 കടന്നു. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴയെ തുടര്‍ന്ന്
കേരളത്തില്‍ നിന്നും രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ മുപ്പതോളം സര്‍വീസുകള്‍
റദ്ദാക്കുകയും ചെയ്തു.
• സംസ്ഥാനത്ത്
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഏഴിന് തുടങ്ങും. 1500 ഓണച്ചന്തകൾ 14 വരെ
പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ
സ്റ്റോർ, ഫിഷർമെൻ
സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകൾ പ്രവർത്തിക്കുക.
• ക്രിമിനൽക്കേസുകളിലെ
പ്രതികളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുൾഡോസർ കൊണ്ട്
ഇടിച്ചുപൊളിക്കുന്നതിനെതിരെ കർശനനിലപാടുമായി സുപ്രീംകോടതി. ഒരാൾ
പ്രതിയെന്നല്ല കുറ്റവാളിയാണെങ്കിൽ പോലും ആ വ്യക്തിയുടെ വീട്
ഇടിച്ചുനിരത്തുന്നത് ശരിയായ നടപടിയല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
• കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജിലെ മുന്‍
പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു.
• രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ
മീഡിയയോ കാണിക്കരുതെന്ന കർശന നിർദേശം അച്ഛനമ്മമാർക്ക് നൽകി സ്വീഡിഷ് സർക്കാർ.
• കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം
നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ് പദ്ധതികൾക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം
അംഗീകാരം നൽകി.