സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാസ്‌പ്, കാരുണ്യ ബെനവലൻ്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടാത്ത മിസിംഗ് മിഡിൽ വിഭാഗത്തിനും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചത്.
വർഷങ്ങളായി വിവിധ തലങ്ങളിലുള്ള ചർച്ചകളുടേയും പരിശോധനകളുടേയും ഫലമായി എല്ലാവർക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. വിഷൻ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി.
സംസ്ഥാനത്ത് കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങൾക്കാണ് കാസ്പ് പദ്ധതി പ്രകാരമുള്ള കാർഡുള്ളത്. ഇതിനു പുറമേ കാസ്‌പ് പദ്ധതിയിൽ ഉൾപ്പെടാത്ത വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലൻ്റ് ഫണ്ട് പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ചികിത്സയും, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് 1 ലക്ഷം രൂപ വരെ അധിക ചികിത്സാ ആനുകൂല്യവും ഈ പദ്ധതി പ്രകാരം നൽകുന്നുണ്ട്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ തുടർ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. 5 വർഷം കൊണ്ട് 8425 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയിട്ടുള്ളത്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും.
Health security for all in Kerala now; 'Universal Health Coverage' scheme approved

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.