തിരുവനന്തപുരം: കല്ലമ്പലത്ത് കേരളത്തെ നടുക്കി ലഹരി വേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡി എം എയും 17 ലിറ്റര്‍ വിദേശ മദ്യവുമായി നാല് പേരെയാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്. കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് കൂടിയത്.
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ വര്‍ക്കല സ്വദേശിയായ സഞ്ജു (42) എന്നറിയപ്പെടുന്ന സൈജു, ഞെക്കാട് വലിയവിള സ്വദേശി നന്ദു(32), ഉണ്ണികണ്ണന്‍(39), പ്രമീണ്‍(35) എന്നിവരാണ് ചില്ലറ വില്പനയില്‍ ഏകദേശം രണ്ടു കോടിയോളം രൂപ വിലവരുന്ന ലഹരിശേഖരം കടത്തിക്കൊണ്ടു വന്നത്. ഈത്തപ്പഴത്തിന്റെ പെട്ടികള്‍ക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം പ്രതികള്‍ ഒളിപ്പിച്ചത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്.
ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ട് രഹസ്യ സങ്കേതത്തിലേക്ക് പോകാനായി എത്തിയ ഉണ്ണിക്കണ്ണനും പ്രമീണും ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ അതിസാഹസികമായാണ് കല്ലമ്പലം പോലീസിന്റെ സഹായത്തോടെ ജില്ലാ റൂറല്‍ ഡാന്‍സാഫ് ടീം പിടികൂടിയത്.
പിടികൂടിയതിനു ശേഷം ഇത് തന്റെ ലഗേജ് അല്ല എയർപോർട്ടിൽ നിന്ന് മാറിപോയതാണെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.