നാളെ കേരളത്തിൽ ദേശീയ പണിമുടക്കിൽ നിന്നൊഴിവാക്കിയ മേഖലകൾ #All_India_strike

 

 കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12നാണ് ആരംഭിക്കുക.

 കേരളത്തിൽ ഭരണ പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകളും പ്രതിഷേധിക്കും. 

കെഎസ്‌‌ആർടിസി ജീവനക്കാർ പണിമുടക്കിൽ ഭാഗമാകില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയെ തള്ളി യൂണിയനുകൾ രംഗത്തെത്തിയതോടെ കെഎസ്‌ആർടിസിയും ഓടാൻ സാദ്ധ്യതയില്ല.

 എന്നാൽ ആർസിസി - മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെ ബാധിച്ചേക്കില്ല. മാത്രമല്ല, ഓട്ടോ, ടാക്‌സി സർവീസുകൾ ഉൾപ്പെടെ മുടങ്ങുന്നതിനാൽ സ്വന്തം വാഹനമില്ലാതെ പുറത്തേക്ക് യാത്രചെയ്യാനാകില്ല. കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾ, കളക്‌ടറേറ്റുകൾ എന്നിവ നാളെ പ്രവർത്തിക്കില്ല.

 ബാങ്ക് സേവനങ്ങളും തടസപ്പെടും. എൽഐസി, മറ്റ് ഇൻഷുറൻസ് സേവനങ്ങൾ എന്നിവയും ഉണ്ടായിരിക്കില്ല. സ്‌കൂൾ, കോളേജ് അദ്ധ്യാപകരും പണിമുടക്കിന്റെ ഭാഗമാണ്. അതിനാൽ, സ്‌കൂളും കോളേജുകളും പ്രവർത്തിക്കില്ല. 

എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗിമായി അവധി പ്രഖ്യാപിച്ചിട്ടില്ല. കൊറിയർ സർവീസ്, ടെലികോം സേവനങ്ങൾ എന്നിവയും പണിമുടക്കും. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും.

 മാളുകളും പ്രവർത്തിച്ചേക്കില്ല.അതേസമയം, അവശ്യ സർവീസുകൾ മാത്രം പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, ജലവിതരണം, അഗ്നിശമന സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കില്ല. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.റസ്റ്റ‌റന്റുകൾ പ്രവർത്തിക്കില്ലെങ്കിലും താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0