വോട്ടെടുപ്പിനായി ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം ? #ElectionIdentity

രാജ്യം വോട്ടെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ വോട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങളും സ്വാഭാവികമായി ഉണ്ടായേക്കാം. അതിൽ പ്രധാനമാണ് ഏത് രേഖയാണ് തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചറിയുവാനായി സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള സംശയങ്ങൾ. വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.


ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.