ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 22 ആഗസ്റ്റ് 2023 | #News_Headlines #Highlights

• പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.

• കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോ‍ഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഒ‍ഴിവാക്കാമെന്ന തീരുമാനത്തിലെത്തിയത്.

• ഐസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി നടന്നതിനെ തുടർന്ന് തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി. പുതിയ പരീക്ഷ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് വി എസ് എസ് സി അറിയിച്ചു.

• ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്രിയദര്‍ശിനി പ്ലാനിറ്റേറിയം തിരുവനന്തപുരം) ഒരുക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി.

• സംസ്ഥാനത്ത്‌ വാഹനങ്ങളിൽ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളിൽ ദ്വാരങ്ങളുണ്ടാക്കുന്ന ചെറുവണ്ടുകളെപ്പറ്റി പഠിക്കാൻ കേരള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (കെഎഫ്‌ആർഐ). അംബ്രോസിയ ബീറ്റിൽസ്‌ വിഭാഗത്തിൽപ്പെട്ട വണ്ടുകൾ പെട്രോളിലെ എഥനോളിനോടാണ്‌ ആകർഷിക്കപ്പെടുന്നതെന്നാണ്‌ അനുമാനം. ഇതുകാരണം ഇന്ധനചോർച്ചയും തുടർന്ന്‌ തീപിടിക്കാനും സാധ്യത കൂടുതലാണ്‌.  ടാങ്കിൽനിന്ന്‌ എൻജിനിലേക്ക്‌ പോകുന്ന റബർ പൈപ്പുകളെയാണ്‌ വണ്ടുകൾ ഇരയാക്കുന്നത്‌.

• വിഎസ്എസ്‌സി റിക്രൂട്ട്‌മെന്റ്‌ പരീക്ഷയിലെ ഹൈടെക്‌ കോപ്പിയടിക്കു പിന്നിൽ വൻ ആൾമാറാട്ടം. ഹരിയാനക്കാരായ അഞ്ചുപേർ അറസ്റ്റിലായി. ഒരാളെ കസ്റ്റഡിയിലെടുത്തു. ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ്‌ കോപ്പിയടിക്കു പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം.

• ലഹരി വ്യാപനം തടയാൻ സർക്കാർ ശക്തമായ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമ്പോഴും പിടികിട്ടാപ്പുള്ളികളുടെ എണ്ണം പെരുകുന്നത് തലവേദനയാകുന്നു. നിലവിൽ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പിടികിട്ടാപുള്ളികളായി കഴിയുന്നത് 2400 പ്രതികളാണ്.

• പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഈ മാസം അവസാനം മുംബൈയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0