ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 07 ജൂലൈ 2023 | #News_Headlines #Short_News

● സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

● അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വെള്ളിയാ‍ഴ്ച വിധി പ്രഖ്യാപിക്കും. സൂറത്ത് വിചാരണ കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ.

● കേരളത്തിന്‍റെ ചിത്ര, ശിൽപ്പ കലകളിലെ അതുല്യ പ്രതിഭയായ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

● കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരില്‍ കാണാനായത് ദാരുണമായ കാ‍ഴ്ചകളെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ആയിരക്കണക്കിന് ആൾക്കാരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നതെന്നും അവിടെ നിന്നുള്ള കാ‍ഴ്ചകള്‍ ഹൃദയ ഭേദകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

● സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തില്‍ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

● കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ചെറുപുഴ ഉദയംകാണാക്കുണ്ടിലാണ് ഉരുള്‍പ്പൊട്ടിയത്. നാല് വൈദ്യുതി തൂണുകളും ടാര്‍ ചെയ്യാത്ത റോഡും ഒലിച്ചുപ്പോയി. ആളപായമില്ല. കണ്ണൂര്‍ കാപ്പിമല പൈതല്‍കുണ്ടിലും സമാനമായ രീതിയിൽ ഉരുള്‍പ്പൊട്ടിയിരുന്നു. ആള്‍ത്താമസമില്ലാത്ത പ്രദേശത്തായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.

● 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ 3000 കോടിയുടെ "കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം'. സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പദ്ധതി പുതിയ മുന്നേറ്റം നൽകും.

● ട്വിറ്ററിന്‌ വെല്ലുവിളി ഉയർത്തി ഫെയ്‌സ്‌ബുക്ക്‌ മാതൃസ്ഥാപനം മെറ്റ അവതരിപ്പിച്ച ‘ത്രെഡ്‌സ്‌’ ആപ്‌ ആദ്യ ദിനംതന്നെ ഹിറ്റ്‌. പുറത്തിറക്കി 24 മണിക്കൂറിനകം മൂന്നു കോടി പേർ സൈൻ അപ്‌ ചെയ്തതായി സിഇഒ മാർക്ക്‌ സുക്കർബർഗ്‌ പറഞ്ഞു. ആദ്യ രണ്ടു മണിക്കൂറിൽ 20 ലക്ഷം പേർ ചേർന്നു. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ 50 ലക്ഷം പേരും ത്രെഡ്‌സ്‌ ഇൻസ്റ്റാൾ ചെയ്ത്‌ ഉപയോഗം തുടങ്ങി.

● ചോളം, തിന, ചാമ, റാഗി, വരക്‌ ഉൾപ്പെടെ ചെറുധാന്യങ്ങളിൽനിന്നുള്ള ആരോഗ്യ പൂരക ഉൽപ്പന്നങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തുന്നത്‌ കേന്ദ്ര സർക്കാർ പരിഗണനയിൽ. 11ന്‌ ന്യൂഡൽഹിയിൽ ചേരുന്ന അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യവും അജൻഡയാകും. ചെറുധാന്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക്‌ വ്യക്തമായ ജിഎസ്‌ടി നിരക്ക്‌ നിലവിലില്ല. ഉൽപ്പന്നത്തിന്റെ വില, ധാന്യത്തിന്റെ അളവ്‌ എന്നിവ പരിഗണിച്ചുള്ള നികുതി നിരക്ക്‌ നിർദേശമുണ്ടാകും.

● രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതി വിവേചനം ഗുരുതര വിഷയമാണെന്ന് സുപ്രീം കോടതി. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനം അടിയന്തരമായി അവസാനിപ്പിക്കാന്‍ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി) നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News