ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 11 ജൂലൈ 2023 | #Short_News #News_Headlines

• കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്.

• സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ബുധന്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

• വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയിലാവും ഇത്. വയോജനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

• വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്.

• പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക്‌ വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന്‌ സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട്‌ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌ നിർദേശം ബാങ്കുകൾ നടപ്പാക്കിയതിനെക്കുറിച്ച്‌ ആദായനികുതിവകുപ്പ്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

• സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.

• സംസ്ഥാന തലസ്ഥാനം തൃശൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. എറണാകുളം ഉദയംപേരൂരിലെ പൊതുജനശക്തി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

• ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി.
MALAYORAM NEWS is licensed under CC BY 4.0