ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 മെയ് 2023 |#News_Highlights

● 2020-21ലെ കൊവിഡ് കാലത്ത് മികച്ച പ്രതിരോധം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ വാർഷിക ‘ആരോഗ്യ സൂചിക’യിൽ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സംസ്ഥാനങ്ങളിൽ.

● ഉദ്‌ഘാടന ദിവസം പുതിയ പാർലമെന്റ്‌ വളയൽ സമരത്തിൽനിന്ന്‌ എന്തുവന്നാലും പിന്നോട്ടില്ലെന്ന്‌ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തിയാലും എത്ര ഷെല്ലുകൾ വർഷിച്ചാലും പതിനായിരങ്ങൾ അണിനിരക്കുന്ന മാർച്ച്‌ സമാധാനപരമായി മുന്നോട്ട്‌ നീങ്ങുമെന്നും സാക്ഷി മലിക്‌, വിനേഷ്‌ ഫോഗട്ട്‌, ബജ്‌റംഗ്‌ പൂനിയ എന്നിവർ പറഞ്ഞു.

● ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ്‌ കമ്പനി ഗോഷൻ ഹൈടെക്‌. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാം​ഗനീസ്, ഫോസ്ഫേറ്റ് (എൽഎംഎഫ്‌പി)ബാറ്ററിയാണ്‌ വികസിപ്പിച്ചത്‌.

● ലഹരിക്കടത്തുകേസുകളുടെ നിരക്കിൽ മുമ്പിൽ പഞ്ചാബെന്ന്‌ നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ. ഏറ്റവും പുതിയ (2021) റിപ്പോർട്ടുപ്രകാരം 32.8 ആണ്‌ നിരക്ക്‌. തൊട്ടുപിന്നിൽ യുപിയും മഹാരാഷ്‌ട്രയുമുണ്ട്‌. ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്‌ നിരക്ക്‌ കണക്കാക്കുന്നത്‌. കേരളത്തിൽ 16.0 മാത്രമാണ്‌.

● കേരളത്തിന്‌ അർഹമായ വായ്‌പ പരിധി വെട്ടികുറച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞവർഷം കുറച്ചതിന് പുറമെയാണിത്‌. വർഷം സംസ്ഥാനത്തിന്‌ കടമെടുക്കാവുന്ന പരിധിയിൽനിന്ന്‌ 54 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌.

● ലോകത്ത്‌ "ആധുനിക അടിമത്ത'ത്തിലേക്ക്‌ ഏറ്റവും കൂടുതൽ ആളുകൾ തള്ളപ്പെടുന്ന രാജ്യം ഇന്ത്യയെന്ന്‌ ഐക്യരാഷ്ട്ര സംഘടന. നിർബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി ഇന്ത്യക്കാരാണ്‌ "ആധുനികകാല അടിമകൾ' ആക്കപ്പെട്ടത്‌ എന്നാണ് കണക്ക്.

● സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.