● രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് റിസൾട്ട് പ്രഖ്യാപിക്കുക.
● മെയ് 28ന് സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ വിമർശനം.
● ലോകത്താകമാനം രണ്ട് കോടിയിലധികം ആളുകളുടെ ജീവനെടുത്ത കൊവിഡിനേക്കാൾ മാരകമായ ഒരു വൈറസിനെ നേരിടാൻ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അദാനോം. എഴുപത്തിയാറാം ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.
● സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
● സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ബിഎസ്എന്‍എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. 1284 ഊരുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1073 ഇടത്ത് കണക്റ്റിവിറ്റി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
● വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ VE 475588 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് പേര്‍ക്കാണ്.
● ഇരു ചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു.
● കൊള്ളലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് വീണ്ടും അഞ്ചിരട്ടി കൂട്ടി. കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഉയർത്തിയത്. 28 മുതൽ പ്രാബല്യത്തിൽവരും. വേനലവധി കഴിഞ്ഞ് ഗൾഫിലേക്കുള്ള മടക്കയാത്രയും ഗൾഫിൽ സ്‌കൂൾ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് കൊള്ള.