ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 മെയ് 2023 | #News_Highlights

● യുദ്ധം ആറാം വാരത്തിലേക്ക് കടന്ന സുഡാനിൽ സമവായം സ്വപ്നം കണ്ട് ജനങ്ങൾ. ഒരാഴ്ച വെടിനിർത്തൽ അംഗീകരിച്ച് കരാർ ഒപ്പിട്ട് യുദ്ധകക്ഷികൾ. വെടിനിർത്തലിനൊപ്പം അന്താരാഷ്ട്ര നിരീക്ഷണ സംവിധാനവും ചേരുമ്പോൾ യുദ്ധപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

● ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക്‌ എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി.

● ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെഎസ്‌ആർടിസി ബസുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണെന്ന്‌ അധികൃതർ അറിയിച്ചു.

● കേരളത്തിലെ ആന, കടുവ കണക്കെടുപ്പ്‌ പൂർത്തിയായി. ജൂലൈ മാസത്തോടെ കണക്ക്‌ പ്രസിദ്ധീകരിക്കുമെന്ന്‌ വനംവകുപ്പ്‌ അധികൃതർ അറിയിച്ചു. കേരളത്തിൽ ആനകളുടെ എണ്ണം നേരിയതോതിൽ വർധിച്ചു എന്നാണ്‌ വിവരം. വനംവകുപ്പ്‌ സ്ഥാപിച്ച കാമറകളിൽനിന്നുള്ള വിവരംകൂടി പരിശോധിച്ചശേഷമേ കടുവകളുടെ എണ്ണം ഉറപ്പിക്കൂ.

● കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

● കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് സ്ഥിരം ഭീഷണിയായി മാറുമെന്ന് റിപ്പോര്‍ട്ട്. സമുദ്രോപരിതലത്തിലെ താപനിലയില്‍ സംഭവിച്ച വര്‍ധനവും സമുദ്രജലത്തില്‍ ഉണ്ടാകുന്ന ചൂടുമാണ് ചുഴലിക്കാറ്റ് സ്ഥിരം പ്രതിഭാസമായി മാറാന്‍ ഇടവരുത്തുന്നതെന്ന് ക്ലൈമറ്റ് ട്രെന്‍ഡസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.