ചെറുധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങളാൽ വ്യത്യസ്ഥമായി ഒറ്റത്തൈ സ്കൂളിൽ നടന്ന ഭക്ഷ്യധാന്യ വിഭവ പ്രദർശനം. | International Year of Millets 2023

ആലക്കോട് : അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തൈ ഗവ.യു പി സ്കൂളിൽ ചെറുധാന്യങ്ങളുടെ ഭക്ഷ്യവിഭവ പ്രദർശനം സംഘടിപ്പിച്ചത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വ്യത്യസ്ഥ അനുഭവമായി മാറി.

ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലെറ്റുകൾ എന്നറിയപ്പെടുന്നത്. റാഗി, ചോളം, തിന എന്നിവയൊക്കെയാണ് ഇവ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ സമർപ്പിക്കുകയും
മറ്റ് 72 രാജ്യങ്ങളുടെ പിന്തുണയോടെ, മില്ലറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സംരംഭം അംഗീകരിക്കപ്പെടുകയും ഐക്യരാഷ്ട്ര പൊതുസഭ 2023 വർഷം അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം..അതിനായി ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും
അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണം ലക്ഷ്യമിടുന്നു.
എസ് എം സി ചെയർമാൻ വിജേഷ് ആൻ്റണിയുടെ അധ്യക്ഷതയിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഗോതമ്പ്, ചോളം, തെന, മുത്താറി, ചാമ, ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര വിതരണവും നടന്നു.
സ്കൂൾ ലീഡർ എബിൻ ജോമി, അധ്യാപക പ്രതിനിധികളായ ജാൻസി തോമസ്, കെ.എൻ രാധാമണി, ലീല. കെ, എൻ.എസ് ചിത്ര, ഷീലാമ്മ ജോസഫ്, മുബീന പി.കെ എന്നിവർ സംസാരിച്ചു. പ്രധമാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രശ്മി കെ ആർ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഒറ്റത്തൈ ഗവ.യു പി സ്കൂളിൽ നടന്ന ഭക്ഷ്യധാന്യ വിഭവ പ്രദർശനം ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.