MAN OF THE HOLE : ഭൂമിയിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ മരിച്ചു.. നമ്മൾ കൊന്നു.. അറിയണം ഈ വാർത്ത നമ്മൾ...എഴുത്ത്‌ : പി.എം.സിദ്ധാർത്ഥൻ ശാസ്ത്രലേഖകൻ (റിട്ട. സയിന്റിസ്റ്റ്, ഐ.എസ്.ആർ.ഒ)

“മാളത്തിലെ മനുഷ്യൻ” മരിച്ചു.. അയാളുടെ കാട്  കയ്യേറി അയാളെ നിരാലംബനാക്കി മാറ്റിയ പരിഷ്‌കൃതരെ പാടേ തിരസ്കരിച്ച് ഒന്ന് രണ്ടു ദശാബ്ദങ്ങളോളം അവർക്ക് കാണാൻപോലും സാധ്യത നൽകാതെ ആമസോൺ കാടിന്റെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് കഴിഞ്ഞ അയാൾ ആഗസ്ത് 28 ആം തിയതിക്കടുത്തായാണ് മരിച്ചുപോയതെന്ന്  കണക്കാക്കപെടുന്നു. അയാളുടെ ജീർണിച്ച ശവം ഒരു ഹമ്മോക്കിൽ (ഊഞ്ഞാൽ കിടക്ക) കണ്ടെത്തുകയായിരുന്നു.


പല ദശകങ്ങൾക്കും മുൻപ്, വർഷങ്ങളിലൂടെ വൻകിട കൃഷിക്കാർ (ranchers) അയാളുടെ ഗോത്രത്തിന്റെ ഭൂമി പിടിച്ചെടുക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.  നിസ്സഹായനായ ആ മനുഷ്യന്ന് പുറംലോകത്തെ പൂർണമായും തിരസ്കരിക്കുക അല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു എന്ന് ആദിവാസി-ഗോത്ര ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷനലിന്റെ (survival international) വക്താവായ  സാരാ ഷെങ്കർ പറയുന്നു.  അയാളുടെ മരണത്തോടെ  ഒരു ഗോത്രം കൂടി ഇല്ലാതായി എന്ന് ചിലർ പറയും. പക്ഷെ അങ്ങനെ ഒരു ഗോത്രം കൂടി ഇല്ലാതാവുകയല്ല , ഒരു ഗോത്രത്തെ കൂടി പരിഷ്‌കൃത മനുഷ്യർ ഇല്ലാതാക്കുകയാണ് ചെയ്തത്. സ്വയം ഇല്ലാതാവുന്നതിനേക്കാൾ ഭീകരമാണ് ഇല്ലാതാക്കപ്പെടുന്നത്” എന്ന് ഷെങ്കർ തുടരുന്നു.

അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു അയാൾ എന്നതൊഴിച്ച് അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും ലോകമെങ്ങും അയാൾ അറിയപ്പെട്ടു.

ഫോട്ടോ : Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്ന്

1990 ൽ ആണ്  ബ്രസീലിലെ ആദിവാസികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമായ  ഫ്യൂനായ്  (Funai) എന്ന സ്ഥാപനത്തിലെ  സന്നദ്ധ സേവകർ അയാളെ കണ്ടെത്തിയത്. അയാളുടെ ഗ്രാമത്തിന്നടുത്ത് ഉണ്ടായ വയലുകളും ഗ്രാമമാകെയും ട്രാക്ടറുകൾ കൊണ്ട് ഉഴുതു തകർത്തിരുന്നുഫ്യൂനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മാഴ്‌സെലോ ഡോസ് സാൻറ്റോസ് പറയുന്നു:  “അയാൾ ആരെയും വിശ്വസിച്ചിരുന്നില്ല. അത്രമേൽ വലിയ മാനസികാഘാതമായിരുന്നു (trauma) അയാൾ അനുഭവിച്ചിരുന്നത്.”  1980 കളിൽ എപ്പോഴോ നിയമ വിരുദ്ധമായി കാട് കയ്യേറി വലിയ തോതിൽ കൃഷി ചെയ്യുന്ന റേഞ്ചർമാർ  അയാളുടെ ഗ്രാമത്തിലെ ആൾക്കാർക്ക്  പഞ്ചസാരയും മറ്റും കൊടുത്ത് അവർ അത് സ്വീകരിക്കുമെന്നുറപ്പായപ്പോൾ  എലിവിഷം നൽകി എല്ലാവരെയും കൂട്ടക്കൊല ചെയ്യുക ആയിരുന്നു.  ഈ ഒരാൾ മാത്രം അന്ന് രക്ഷപ്പെട്ടിരിക്കാം.

Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

പുറംലോകത്ത് നിന്നുള്ളവരെ അയാൾ വളരെ അധികം ഭയപ്പെട്ടിരിക്കാം.  പുറം ലോകത്ത് നിന്ന്  അയാളുമായി സമ്പർക്കം പുലർത്താൻ ശ്രമിച്ചവരെ അയാൾ കെണി വെച്ചും  അമ്പെയ്തും  അകറ്റി നിർത്തുമായിരുന്നു. പിന്നീട് ഒരിക്കലും  ഫ്യൂനായിയുടെ ജോലിക്കാരോ സന്നദ്ധസേവകരോ  അയാൾ കാണത്തക്ക രീതിയിൽ വെച്ച ഉപകരണങ്ങളോ, വിത്തുകളോ, ഭക്ഷണമോ അയാൾ സ്വീകരിച്ചിരുന്നില്ല.

2009 പുറത്തിറങ്ങിയ Corumbiara (Vincent Carelli) ഡോക്യുമെന്ററിയിൽ മാളത്തിലെ മനുഷ്യൻ
കടപ്പാട് : Vincent Carelli/Corumbiara

അയാളറിയാതെ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഫ്യൂനായിയുടെ ഒരു പ്രവർത്തകൻ ആണ് ആഗസ്ത് 28 ന് അയാളുടെ മൃതദേഹം കണ്ടെത്തിയത്. അയാളുടെ  ശരീരം കിടന്നിരുന്ന ഹമ്മോക്കിന്റെ എല്ലാ വശങ്ങളിലും വർണ തൂവലുകൾ പിടിപ്പിച്ചിരുന്നു. അയാൾക്ക് മരണം അടുത്തെത്തി എന്നറിയാമായിരിക്കാം. 60  വയസ്സായിക്കാണും എന്ന് കണക്കാക്കുന്നു. അയാൾ താമസിച്ചു  എന്ന് കരുതുന്ന സ്ഥലങ്ങളിൽ വലിയ കുഴികളും മാളങ്ങളും ഉണ്ടാക്കിയിരുന്നതായി കണ്ടെത്തിയതിനാലാണ്    അയാൾക്ക് “മാളത്തിലെ ആദിവാസി” എന്ന പേര് കിട്ടിയത്

ആമസോൺ മഴക്കാടിനകത്തെ ഗോത്രഗ്രാമം

ഏകദേശം 30-ലധികം ഗോത്രവർഗങ്ങൾ ആമസോൺ കാടുകളിൽ വസിക്കുന്നുണ്ട്. അവരുടെ അകെ ജനസംഖ്യ 10 ലക്ഷത്തോളമുണ്ടെന്ന് കണക്കാക്കുന്നു. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല. അവരുടെ ജീവിതരീതികളെയോ  ആചാരങ്ങളെകുറിച്ച് ആർക്കും വലിയ അറിവൊന്നുമില്ല. എന്നാൽ പുറം ലോകം  അവരുടെ ലോകത്തേക്ക് അനധികൃതമായി കയറിക്കൊണ്ടേയിരിക്കുന്നു. ആമസോൺ കാടു കളുടെ വലുപ്പം വളരെ കുറഞ്ഞിട്ടുണ്ട്.  മനുഷ്യർ കാരണം  ഉണ്ടാവുന്ന തീപിടുത്തങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്.

2018 ൽ ജൈർ ബോൾസെന്റൊ ബ്രസീലിയൻ പ്രസിഡന്റ് ആയതിനു ശേഷം ഗോത്ര വർഗക്കാരുടെ  പ്രദേശങ്ങൾ കൂടുതൽ അക്രമിക്കപെടുന്നുണ്ട്. 2018 ൽ 109 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് 2021 ആയപ്പോൾ അത് 305 ആയി ഉയർന്നു. തദ്ദേശീയരോടുള്ള പുച്ഛം ബോൾസാന്റൊ ഒരിക്കലും മറച്ചുവെക്കാറില്ല. അമേരിക്കയിൽ അമേരിക്കൻ ഇന്ത്യക്കാരെ കൊന്നൊടുക്കിയത് പോലെ ആമസോണിൽ തദ്ദേശ വാസികളെയും കൊല്ലാതിരുന്നത് വലിയ തെറ്റായി പ്പോയി എന്ന് തുറന്ന് പറയാൻ അയാൾക്ക് മനസ്സാക്ഷി കുത്തില്ലായിരുന്നു. ഒരു തുണ്ടു ഭൂമിപോലും ഇനി ഗോത്രവർഗക്കാർക്കു കൊടുക്കില്ല എന്ന് ബോൾസെന്റൊ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബോൾസനാരോവിന്റെ ഫാസിസിസ്റ് ഭരണവും റേഞ്ചർ മാരുടെ നിരന്തരമായ  ആക്രമണവും ഭീകരമായ കാട്ടുതീയും എല്ലാം അവിടത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. അതിന്റെ വേദനിപ്പിക്കുന്ന, പ്രതിരൂപമായിരുന്നു  പുറം ലോകത്തെ തിരസ്ക്കരിച്ച് ജീവിച്ച ആരാരുമില്ലാതെ ഒറ്റക് മരണത്തെ വരിച്ച ആ അജ്ഞാതനായ മനുഷ്യൻ.

വികസനത്തിന്റെയും സാമ്പത്തിക ഉയർച്ചയുടെയും പേരിൽ പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന പുറംലോകകർ നിരന്തരം കയ്യേറിക്കൊണ്ടിരിക്കുന്ന കാടുകളിൽ ജീവിക്കുന്ന ലോകത്തേയും, ഇന്ത്യയിലെയും കേരളത്തിലെയും ഗോത്രവർഗ്ഗക്കാരുടെ ഗതി യിലേക്കുള്ള ചൂണ്ടുപലക ആണോ ആ മാളത്തിലെ മനുഷ്യന്റെ അന്ത്യം?

കടപ്പാട് : ലൂക്ക ശാസ്ത്ര പോർട്ടൽ, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്.


വീഡിയോ കാണാം


MALAYORAM NEWS is licensed under CC BY 4.0