ഹൈദരാബാദ്: സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആളുകൾ നോക്കി നിൽക്കെ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. തെലങ്കാനയിലെ വികാറാബാദ് സ്വദേശി അനുഷയാണ് കൊല്ലപ്പെട്ടത്. 22 വയസ് മാത്രം പ്രായമുള്ള കുട്ടിയെയാണ് പ്രമേഷ് കുമാറെന്ന 28കാരൻ തല്ലിക്കൊന്നത്. പ്രമേഷിനെ പൊലീസ് തടഞ്ഞു.
എട്ട് മാസം മുമ്പാണ് അനുഷയും പ്രമേഷ് കുമാറും തമ്മിലുള്ള പ്രണയ വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും കല്ല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനത്തർക്കം തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള വഴക്കുകൾ പതിവായിരുന്നു എന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു.
രണ്ടുദിവസം മുമ്പ് വഴക്കിന് താൽപ്പര്യമില്ലെന്നറിയിച്ച് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഉടൻതന്നെ പ്രമേഷ് അനുഷയുടെ വീട്ടിലെത്തി. ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനൽകി യുവതിയെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രമേഷ് അനുഷയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.
ദേഹത്ത് തൊടരുതെന്ന് അനുഷ പറഞ്ഞതോടെ ഒരു തടിയെടുത്ത് പ്രമേഷ് ആറുതവണ അനുഷയുടെ തലയിൽ ആഞ്ഞടിച്ചു. അയൽവാസികൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തുള്ള ചിലർ അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചു എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Dispute over dowry 22 year old woman beaten to death by husband in front of people.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.