വീണ്ടും യുദ്ധഭീതി; ഇറാനിൽ ഇസ്രയേലിന്റെ വൻ ആക്രമണം..#latestnews



പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാനെന്ന് ഇസ്രയേൽ. ആക്രമണത്തിൽ ഇറാന്റെ സൈനിക തലവൻമാരെ ലക്ഷ്യമിട്ടതായും ഇസ്രയേൽ വ്യക്തമാക്കി.ഇറാൻ സൈനിക കമാൻഡർമാർ താമസിച്ചിരുന്ന ഫ്ലാറ്റ് തകർന്നു.

ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞരെ തങ്ങൾ ലക്ഷ്യം വച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഹൃദയം തകർത്തതായും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇസ്രയേൽ ആക്രമണത്തിന് അമേരിക്കൻ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായി കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മുഴുവൻ ആഭ്യന്തര മേഖലയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള പ്രത്യേക ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇസ്രയേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0