തിരുവനന്തപുരം: കാസർകോട് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാൽ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ അമ്മ ഇന്ന് പരാതി നൽകും എന്നാണ് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു.
കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ എം അശോകനാണ് കുട്ടിയെ മർദിച്ചത്. അസംബ്ലിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ ചെളി ഉണ്ടായിരുന്നെന്നും അത് നീക്കാൻ ശ്രമിച്ചപ്പോഴാണ് അധ്യാപകൻ മർദ്ദിച്ചതെന്നും വിദ്യാർഥി പറഞ്ഞു.