Delhi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Delhi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി ലഫ്. ജനറൽ ജയചന്ദ്രൻ ചുമതലയേറ്റു #Delhi

 


ഡൽഹി:ലഖ്‌നൗ ആസ്ഥാനമായുള്ള ഇന്ത്യൻ കരസേനയുടെ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്.

പരിശീലനം പൂർത്തിയാക്കി ബോംബെ സാപ്പേഴ്സിനു കീഴിൽ 1991ൽ കരസേനയുടെ ഭാഗമായി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ഭാഗമായിട്ടുണ്ട്. പാരാട്രൂപ്പർ എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ നൂറിലേറെ തവണ പാരാ ജമ്പിങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്റ്‌ മേരീസ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷനിലും പങ്കെടുത്തു. ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സി ബിരുദവും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ പങ്കെടുക്കുന്നുണ്ട്. ജയശ്രീയാണ് ഭാര്യ, മകൾ: മാളവിക.

 Lt. Gen. Jayachandran takes charge as Central Command Chief of Staff

ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാന്‍ തീരുമാനം;ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ #Delhi


ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിൻ്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻപ് മണ്ഡല പുനർനിർണയം നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷൻ്റെ അധ്യക്ഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർദേശിക്കുന്ന ഒരാളോ കമ്മിഷൻ്റെ അംഗമാകും.

മണ്ഡല പുനർനിർണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. 

Delimitation bill Centre proposes to increase Lok Sabha seats to 850 

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ ഇനി മുതലക്കാവല്‍;പാമ്പുകളെയും ഇറക്കാൻ ബിഎസ്എഫ് #Delhi

 


ഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികൾ തേടി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). വേലികെട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും മുതലകളെയും പാമ്പുകളെയും കാവലിനുപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചർച്ചകൾ നടത്തിയതായാണ് വിവരം. 

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 4,096 കിലോമീറ്ററിൽ ഏകദേശം 175 കിലോമീറ്റർ നദികളും ചതുപ്പുനിലങ്ങളുമാണ്. ഇവിടെ സ്ഥിരമായി വേലികൾ നിർമ്മിക്കുന്നത് അതീവ ദുഷ്കരമാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ പ്രകൃതിദത്തമായ കാവൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതലകളെയും പാമ്പുകളെയും നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

മൃഗങ്ങളെ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഡ്രോണുകൾ, അത്യാധുനിക സെൻസറുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും പദ്ധതിയുണ്ട്. കിഴക്കൻ അതിർത്തിയിൽ കള്ളക്കടത്ത് സംഘങ്ങൾ സജീവമാണ്. ഇത് തെളിവായി സമീപകാലത്തുണ്ടായ ചില സംഭവങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു:

സ്വർണ്ണക്കടത്ത്: ഈ വർഷം ജനുവരിയിൽ പശ്ചിമ ബംഗാളിലെ നാദിയയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ്ണ ബിസ്കറ്റുകളുമായി ഒരാളെ പിടികൂടിയിരുന്നു.

ഏറ്റുമുട്ടൽ: 2025 നവംബറിൽ കള്ളക്കടത്തുകാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കള്ളക്കടത്തുകാരൻ കൊല്ലപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു.

 No more crocodiles on the border! BSF to deploy snakes to prevent infiltration

രാജ്യത്തെ ആദ്യ ദയാവധം ദില്ലി എയിംസിൽ നടപ്പിലാക്കി;ഹരീഷ് റാണ ഇനി ഓർമ്മ #Harish_Raana


 ദില്ലി:രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചത്.

ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫീഡിംഗ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ് ദയാവധ നടപടികൾക്ക് നേതൃത്വം നൽകിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നാണ് ലക്ഷ്യമെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞത്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.

ചലനമറ്റ് കഴിഞ്ഞ പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് നീതി നൽകി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നൽകണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മകൻ്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പർദ്ദിവാല,ജസ്റ്റിസ് വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.


ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന കാര്യം വ്യക്തമാക്കിയെന്നും കോടതി അറിയിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും കോടതി നൽകിയിരുന്നു. റാണയുടെ കുടുംബത്തിൻ്റെ പ്രവർത്തനം നിസ്വാർത്ഥമെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാല പറഞ്ഞു. അന്തസായ മരണത്തിന് രോഗിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.

 2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. ചണ്ടിഗഡിൽ സിവിൽ എൻജിനീയറിംഗ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നു വീണ് ഗുരുതപരിക്കേറ്റത്. കേസിൽ ഹരീഷിൻ്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.

 Harish Rana is no more India's first euthanasia performed at Delhi AIIMS

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തിൽ നടന്നേക്കും #Delhi


ഡൽഹി : കേരളത്തിലെ നിയമസഭാ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തോടെ നടക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ മാസം പതിനഞ്ചാം തീയതിയോടെ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ.

അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും അസമിലും വോട്ടെടുപ്പ് നേരത്തെ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഏപ്രിൽ പകുതിക്ക് ശേഷമേ നടപടികൾ ഉണ്ടാകാനിടയുള്ളൂ.

അതേസമയം, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അഞ്ചിലധികം ഘട്ടങ്ങളായി നടത്താനാണ് നീക്കം. മെയ് ആദ്യവാരം വരെ അവിടെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും പരിഗണിച്ചാണ് ബംഗാളിൽ ഇത്രയധികം ഘട്ടങ്ങൾ നിശ്ചയിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച അന്തിമ ചിത്രം ഈ മാസം പകുതിയോടെ പുറത്തുവരുന്നതോടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സജീവമായ പ്രചാരണത്തിലേക്ക് നീങ്ങും. 

 Polling in Kerala likely to be held in the third week of April

പശ്ചിമേഷ്യൻ സംഘർഷം; സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്,10 ഗ്രാമിന് 1.73 ലക്ഷം രൂപ കടന്നു #Delhi

 


ഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 1.73 ലക്ഷം രൂപ.

വെള്ളിയാഴ്ച 1.62 ലക്ഷമായിരുന്നു സ്ഥാനത്താണിത്. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും വൻ വർദ്ധനവുണ്ടായി, കിലോയ്ക്ക് 2.88 ലക്ഷം രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔസിന് 5,300-ൻ്റെ മുകളിലെത്തിയത് ആഭ്യന്തര വിപണിയെ ബാധിച്ചു. സംഘർഷം തുടരുകയാണെങ്കിൽ സ്വർണവില 1.80 ലക്ഷം രൂപ വരെ ഉയർന്നേക്കാമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ.

 West Asian conflict; Gold prices hit record high, crossing Rs 1.73 lakh in Delhi

മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം;ഹെല്‍പ്‌ ലൈന്‍ തുറന്നു #Delhi


ഡൽഹി:ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളായ ഇവയിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കണ്‍ട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്നപക്ഷം പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

24-hour control room at Delhi's Kerala House for Malayalis; Embassies also open helpline 

കേരളത്തെ ഒഴിവാക്കി കേന്ദ്ര ബജറ്റ്; സംസ്ഥാനത്തിന് തിരിച്ചടി #Kerala

 


ഡല്‍ഹി: അതിവേഗ റെയിൽ ഇടനാഴിയിൽ  കേരളത്തെ ഒഴിവാക്കി.ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കൊറിഡോറുകൾ.

തുടർന്ന് പ്രതിഷേധ സൂചകമായി കേരളത്തിൽ നിന്നുള്ള എംപിമാർ കേരളം, കേരളം...എന്ന് വിളിച്ചുപറഞ്ഞു. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 40,000കോടി രൂപ ഇതിനായി നീക്കിവെച്ചു. ആഗോള ബയോ ഫാർമ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

ലോക്സഭ ബജറ്റ് അവതരണം;ഉറ്റുനോക്കി രാജ്യം #Loksabha_Budget


 ഡൽഹി:രാജ്യം ഉറ്റുനോക്കുന്ന മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ലോക്‌സഭയിൽ ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ തൻ്റെ ഒമ്പതാം ബജറ്റാണ് സഭയിൽ അവതരിപ്പിക്കുന്നത്.

ഇതോടെ തുടർന്നുള്ള ധനമന്ത്രിയെന്ന റെക്കോഡ് നിർമ്മല സീതാരാമന് സ്വന്തമാകും. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ ഇളവ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും.

ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർമലക്ക് നൽകിയിട്ടുണ്ട്. ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി മറികടക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

 അതേസമയം ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി. കൂടാതെ നിർമല സീതാരാമൻ രാഷ്ട്രപതി മധുരം നൽകുകയും ചെയ്തു.

രാവിലെ വസതിയിൽ നിന്നും ധനകാര്യ കേന്ദ്രത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിൽ എത്തിയത്. കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്.

പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിര്‍മല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.

The budget presentation in the Lok Sabha has begun; the country is watching intently. 

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം #delhi_cheif_Minister

 
 ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് എതിരെ അക്രമം. സിവില്‍ ലൈനിലെ വസതിക്ക് മുന്നില്‍ ജനങ്ങളെ കാണുന്നതിന് ഇടയിലാണ് സംഭവം. 35 വയസ്സുള്ള അക്രമി മുഖ്യമന്ത്രിയെ അടിക്കുകയായിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തു.

ജനസമ്പര്‍ക്ക പരിപാടിക്ക് ഇടയിലാണ് ദില്ലി മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായത്. സംഭവത്തെ ദില്ലി ബി ജെ പി ശക്തമായി അപലപിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവം എന്ന് ബി ജെ പി പ്രതികരിച്ചു. അതേസമയം, വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദില്ലിയില്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെന്ന് ദേവേന്ദ്രര്‍ യാദവ് പ്രതികരിച്ചു.


ഡൽഹിയിൽ തീവ്ര കാലാവസ്ഥാ വ്യതിയാനം: കനത്ത മഴ, കാറ്റ്; നാല് പേർ മരണപ്പെട്ടു.#delhi

 


 ന്യൂഡൽഹി ∙ ഇന്ന് രാവിലെ പെയ്ത അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. നാലു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയും ചെയ്യുന്നു. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നതായി റിപ്പോർട്ടുണ്ട്. 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ഡൽഹി വിമാനത്താവള അധികൃതർ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടതിനുശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് വരാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ ശനിയാഴ്ച വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ കുറയുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും യാത്ര ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആശുപത്രികളുടെ അനധികൃത പ്രവർത്തനം ; പരിശോധനയ്ക്ക് നിർദേശിച്ച് കേന്ദ്രസർക്കാർ.... #Delhi_News

 


രാജ്യത്ത് ആശുപത്രികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഡൽഹി വിവേക് വിഹാർ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ലൈസൻസുകൾ അടക്കമുള്ളവയിലെ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കണം. ആശുപത്രികളുടെ ഫയർ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും. സ്ഥലലഭ്യത സംബന്ധിച്ചിട്ടുള്ള ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.

ഏഴ് നവജാതശിശുക്കളാണ് ഡൽഹി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. ദുരന്തത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടറാണ്. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയാണ്.
 

ആശുപത്രി അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് ആശുപത്രി അധികൃതർ പുതുക്കിയിട്ടില്ല. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരുടെ യോഗ്യത സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നു. സംഭവത്തിൽ നടപടി ശക്തമാക്കിയ പൊലീസ് ആശുപത്രി ഉടമ നവീൻ കിഞ്ചി ഡ്യൂട്ടി ഡോക്ടർ ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്യൂട്ടി ഡോക്ടർ ആകാശ് ആയുർവേദ ഡോക്ടർ എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രി ഉടമയുടെ ദന്തഡോക്ടർ ആയ ഭാര്യയുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടനത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര വീഴ്ചകൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചു.

ഡൽഹി ആശുപത്രിയിലെ തീപിടുത്തം, ആശുപത്രി ഉടമ അറസ്റ്റിൽ. #Delhi_Hospital_Fire

ഡൽഹി ആശുപത്രിയിൽ തീപ്പിടിത്തം, ആശുപത്രി ഉടമ ഡോ.  നവീൻ കിച്ചി അറസ്റ്റിൽ.   ദുരന്തത്തിന് ശേഷം നവീൻ കിച്ചി ഒളിവിലായിരുന്നു.   ഏഴ് നവജാത ശിശുക്കൾ തീപിടിത്തത്തിൽ മരിച്ചിരുന്നു. നവീനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.   പ്രതികൾക്കെതിരെ സെക്ഷൻ 304 പ്രകാരം കേസെടുക്കാനാണ് പോലീസിൻ്റെ തീരുമാനം.
ഇത് കൂടാതെ വേറെയും ശിശു സംരക്ഷണ കേന്ദ്രങ്ങൾ നവീനിൻ്റെ ഉടമസ്ഥതയിൽ ഉള്ളതായി പോലീസ് പറഞ്ഞു.   ഐപിസി 336, 304 എ, 34 വകുപ്പുകൾ പ്രകാരം ഡൽഹി പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.   തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനെ ചുമതലപ്പെടുത്തി.

 ദുരന്തത്തിൽ പ്രധാന മന്ത്രി ഉൾപ്പടെ ഉള്ളവർ അതീവ ദുഖം രേഖപ്പെടുത്തി, തീപിടുത്ത ദുരന്തം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.   തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകും.   പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.

കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്.   തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഡൽഹി മുഖ്യമന്ത്രിയെ 'കൊല്ലാൻ' ശ്രമിച്ചുവെന്ന എഎപി ആരോപണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന് തിഹാറിൽ ജയിലിൽ നിന്ന് ഇൻസുലിൻ ലഭിച്ചു...#DelhiNews


 ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് 'ലോ ഡോസ്' ഇൻസുലിൻ നൽകിയെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു. എയിംസ് ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരമാണ് ഇൻസുലിൻ നൽകിയത് ,”  രാത്രി 7 മണിയോടെ അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിഹാറിലെ ഡോക്ടർമാർ അദ്ദേഹത്തിന് ഇൻസുലിൻ നൽകാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഏപ്രിൽ 20 ന് മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ എയിംസ് വിദഗ്ധർ, ഷുഗർ ലെവൽ ഒരു പരിധി കടന്നാൽ ഇൻസുലിൻ നൽകാമെന്ന് തിഹാർ ഡോക്ടർമാരെ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിഹാറിൽ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 കടന്നതായി എഎപി വൃത്തങ്ങൾ അറിയിച്ചു. കുറച്ചു നാളായി ഷുഗർ ലെവൽ കൂടിക്കൊണ്ടിരുന്ന ഇയാള്‍ക്ക്  ജയിലിൽ ആദ്യമായാണ് ഇൻസുലിൻ നൽകുന്നതെന്ന് അവർ പറഞ്ഞു.


കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ഡോക്ടറുമായി 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സിനുള്ള അപേക്ഷ കോടതി തള്ളി... #DelhiNews

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. തൻ്റെ ഡോക്ടറുമായി 15 മിനിറ്റ് വീഡിയോ കോൺഫറൻസ് അനുവദിക്കണമെന്ന കെജ്‌രിവാളിൻ്റെ അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി തള്ളി. കെജ്‌രിവാളിന് പതിവായി ഇൻസുലിൻ കുത്തിവയ്‌പ്പ് ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ പാനൽ രൂപീകരിക്കാൻ റൂസ് അവന്യൂ കോടതി ഉത്തരവിട്ടു.

  കേജ്‌രിവാളിന് ഭക്ഷണക്രമവും വ്യായാമവും പാനൽ നിർദേശിക്കും. പാനൽ രൂപീകരിക്കുകയും ശുപാർശകൾ നൽകുകയും ചെയ്യുന്നതുവരെ കെജ്‌രിവാളിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം തുടരാമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ കേസുകളിൽ നിന്നും അസാധാരണമായ ജാമ്യം ആവശ്യപ്പെട്ട് കെജ്‌രിവാവാളിൻ്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി, നിയമ വിദ്യാർത്ഥിയായ ഹരജിക്കാരന് 75,000 രൂപ പിഴ ചുമത്തി. അതിനിടെ, ഡൽഹി മദ്യ അഴിമതിക്കേസിൽ സിബിഐ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡൽഹി റൂസ് അവന്യൂ കോടതി മാറ്റിവച്ചു. കവിതയുടെ ജാമ്യാപേക്ഷയിൽ മെയ് രണ്ടിന് വിധി പറയും.

  അതേസമയം, ഇൻസുലിൻ നിഷേധിച്ചും ഡോക്ടറെ കാണാൻ അനുവദിക്കാതെയും തിഹാർ ജയിലിനുള്ളിൽ കെജ്രിവാൾ പതുക്കെ മരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. എന്നാൽ അറസ്റ്റിന് മാസങ്ങൾക്ക് മുമ്പ് അരവിന്ദ് കെജ്‌രിവാൾ ഇൻസുലിൻ കഴിക്കുന്നത് നിർത്തിയെന്നും ഗുളികകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും തിഹാർ ജയിൽ അധികൃതർ ഗവർണർ വികെ സക്‌സേനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0