ഡൽഹി ആശുപത്രിയിൽ തീപ്പിടിത്തം, ആശുപത്രി ഉടമ ഡോ. നവീൻ കിച്ചി അറസ്റ്റിൽ. ദുരന്തത്തിന് ശേഷം നവീൻ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കൾ തീപിടിത്തത്തിൽ മരിച്ചിരുന്നു. നവീനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾക്കെതിരെ സെക്ഷൻ 304 പ്രകാരം കേസെടുക്കാനാണ് പോലീസിൻ്റെ തീരുമാനം.
ഇത് കൂടാതെ വേറെയും ശിശു സംരക്ഷണ കേന്ദ്രങ്ങൾ നവീനിൻ്റെ ഉടമസ്ഥതയിൽ ഉള്ളതായി പോലീസ് പറഞ്ഞു. ഐപിസി 336, 304 എ, 34 വകുപ്പുകൾ പ്രകാരം ഡൽഹി പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിനെ ചുമതലപ്പെടുത്തി.
ദുരന്തത്തിൽ പ്രധാന മന്ത്രി ഉൾപ്പടെ ഉള്ളവർ അതീവ ദുഖം രേഖപ്പെടുത്തി, തീപിടുത്ത ദുരന്തം ഹൃദയഭേദകമാണെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.
കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.