ന്യൂഡൽഹി ∙ ഇന്ന് രാവിലെ പെയ്ത അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. നാലു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയും ചെയ്യുന്നു. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നതായി റിപ്പോർട്ടുണ്ട്. 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ഡൽഹി വിമാനത്താവള അധികൃതർ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടതിനുശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് വരാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ ശനിയാഴ്ച വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ കുറയുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും യാത്ര ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.