Cyber Attack എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Cyber Attack എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പി.പി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണം; ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു... #Kannur_News

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തില്‍ കേസ്. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നല്‍കിയ പരാതിയില്‍ കണ്ണപുരം പൊലീസാണ് കേസെടുത്തത്.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്. 

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ കുറ്റപ്പെടുത്തല്‍ പ്രസംഗത്തില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ആരോപണം. സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതില്‍ ഹരജി സമർപ്പിട്ടിട്ടുണ്ട്. 

തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നും ജില്ലാ കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുണ്‍ കെ. വിജയൻ പറഞ്ഞു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത‌യ്ക്ക് നല്‍കിയ പരാതിയിലും അരുണ്‍ ഇത് ആവർത്തിച്ചു. 

സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ മരണം; സുഹൃത്തായ ഇന്‍സ്റ്റാ താരത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും... #Crime_News

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും. സുഹൃത്തായ ഇന്‍സ്റ്റഗ്രാം താരത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.ഏഴ് മണിക്കൂറിലേറെയായി ചോദ്യം ചെയ്യുന്ന സുഹൃത്തിന്റെ അറസ്റ്റും രേഖപ്പെടുത്തിയേക്കും.

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറും കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ ആത്മഹത്യ എന്തിനെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം.പ്‌ളസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ ചൊല്ലി വീട്ടിലുണ്ടായ പ്രശ്‌നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് ശക്തിപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.ആരൊക്കെയാണ് അധിക്ഷേപത്തിന് നേതൃത്വം നല്‍കിയതെന്ന് അറിയാന്‍ സൈബര്‍ ടീം പരിശോധനയും തുടങ്ങി.പ്രത്യേക സൈബര്‍ സംഘമാണ് ഇത് പരിശോധിക്കുന്നത്. പെണ്‍കുട്ടിയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ സുഹൃത്തിനെതിരെയാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആക്ഷേപം നീളുന്നത്. ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇതുകൂടാതെ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. രാവിലെ 11 മുതല്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന യുവാവിന്റെ അറസ്റ്റിലേക്ക് കടക്കാനുള്ള നിയമവശങ്ങളും പോലീസ് പരിശോധിച്ച് തുടങ്ങി.

'മരിച്ചതല്ല കൊന്നതാണ് ',സൈബറാക്രമണം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൻസ്റ്റഗ്രാം താരമായ വിദ്യാർഥിനി മരിച്ചു... #Crime_News

 


സൈബറാക്രമണത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരം തൃക്കണ്ണാപുരം സ്വദേശിനി ആദിത്യ(18) ചികിത്സയിലിരിക്കേ മരിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരവെ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നെടുമങ്ങാട് സ്വദേശിയയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തൃക്കണ്ണാപുരത്തെ വാടകവീട്ടിലേക്ക് എത്തിച്ചു. ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബം പരാതി നല്‍കുമെന്നാണ് വിവരം.

നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ​ഗോകുൽ സുരേഷ്... #Nimisha_Sajayan ​

 

നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സുരേഷ് ​ഗോപിയുടെ മകനും നടനുമായ ​ഗോകുൽ സുരേഷ്. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യൽമീഡിയാ ആക്രമണത്തിലും വിഷമം മാത്രമേയുള്ളൂ എന്ന് ​ഗോകുൽ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു ​ഗോകുലിന്റെ പ്രതികരണം.

ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ എന്ന് ​ഗോകുൽ ചോദിച്ചു. ‘അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.’ ​ഗോകുൽ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. ‘അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോള്‍ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എന്റെ മുമ്പിൽ ക്യാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കിൽ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും.‘ ​ഗോകുൽ വ്യക്തമാക്കി.

എന്തെങ്കിലും മോശമോ അബദ്ധമോ പറ്റുമ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന വ്യഗ്രത നല്ലത് ചെയ്യുമ്പോഴും കാണിക്കണമെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്: കെ കെ ശൈലജ ടീച്ചര്‍... #Shailajateacher

 


ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്‍ കെകെ ശൈലജ പറഞ്ഞു. തൻ്റെ പ്രവർത്തനമെന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് വ്യക്തിഹത്യ നടക്കുന്നത്. എന്തുകൊണ്ടാണ് നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളിപ്പറയാത്തത്?

സൈബർ ദുരുപയോഗ പരാതിയിൽ ഷാഫി പറമ്പിൽ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറച്ചുവെക്കാനാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഡിജിപിക്ക് നൽകിയ പരാതി. ഇല്ലാത്ത കാര്യങ്ങൾ പറയുന്ന ആളല്ല താനെന്നും സൈബർ ദുരുപയോഗത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

വ്യാജ വീഡിയോയുടെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ.കെ ചൂണ്ടിക്കാട്ടി. ശൈലജയ്ക്കും എംവി ഗോവിന്ദനുമെതിരെ ഷാഫി ഇന്നലെ ഡിജിപിക്ക് പരാതി നൽകി. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0