'മരിച്ചതല്ല കൊന്നതാണ് ',സൈബറാക്രമണം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൻസ്റ്റഗ്രാം താരമായ വിദ്യാർഥിനി മരിച്ചു... #Crime_News

 


സൈബറാക്രമണത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരം തൃക്കണ്ണാപുരം സ്വദേശിനി ആദിത്യ(18) ചികിത്സയിലിരിക്കേ മരിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരവെ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നെടുമങ്ങാട് സ്വദേശിയയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തൃക്കണ്ണാപുരത്തെ വാടകവീട്ടിലേക്ക് എത്തിച്ചു. ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബം പരാതി നല്‍കുമെന്നാണ് വിവരം.

MALAYORAM NEWS is licensed under CC BY 4.0