• മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികൾക്ക് അനാവശ്യമായി കഫ്
സിറപ്പ് നൽകരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം.
മരുന്നുപയോഗം യുക്തിസഹമാണെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ
നടപടിയെടുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല
ശ്രീവാസ്‌തവയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം നിർദേശിച്ചു.
• ബീഹാറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
സർക്കാരിൻ്റെ കാലാവധി പൂർത്തിയാക്കുന്ന നവംബർ 22 ന് മുന്നെ വോട്ടെടുപ്പ്
പൂർത്തിയാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കി. എല്ലാ
ബൂത്തിലും വെബ്‌കാസ്റ്റിംഗ് ഉണ്ടായിരിക്കും.
• ശബരിമലയില്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു കേരളത്തില്‍
എത്തും. ഈ മാസം 22 ന് കേരളത്തില്‍ എത്തുന്ന രാഷ്ട്പതി 24 വരെ
സംസ്ഥാനത്തുണ്ടാകും.
• ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണം പൂശൽ വിഷയത്തിൽ ഉണ്ണികൃഷ്ണൻ
പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ രാവിലെ ആരംഭിച്ച
ചോദ്യം ചെയ്യൽ 4 മണിക്കൂറോളം നീണ്ടുനിന്നു.
• കരൂർ ദുരന്തത്തിൽ ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും ജോയിൻ്റ് ജനറൽ
സെക്രട്ടറി നിർമൽ കുമാറും സുപ്രിംകോടതിയിൽ. മുൻകൂർ ജാമ്യം തേടിയാണ് ഇരുവരും
സുപ്രിംകോടതി സമീപിച്ചത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം
നിഷേധിച്ചിരുന്നു.
• ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച കേസിൽ പ്രതിയായ ഡോ. പ്രവീൺ
സോണിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാര പൊലീസ് ആണ് അറസ്റ്റ്
ചെയ്തത്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും പ്രവീൺ സോണിയാണ്
കോൾഡ്രിഫ് ചുമ മരുന്ന് നിർദേശിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പോലീസ്
പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തത്.
• പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ്
ജില്ലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശം. ശനിയാഴ്ച നിർത്താതെ
പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വൻ ഉരുൾപൊട്ടലുകളിൽ 17 പേർ മരിച്ചു.
ഡാർജിലിങ്ങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
• ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാനാകുന്ന തുലനാവസ്ഥയിൽ എത്തിക്കുന്ന
‘നെറ്റ് സീറോ കാർബൺ കേരളം’ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന വിനോദ
സഞ്ചാരവകുപ്പ്. ഇതിനായി ആഗോള പരിസ്ഥിതി സംഘടനയായ വേൾഡ് റിസോഴ്സ്
ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വിനോദ സഞ്ചാരവകുപ്പ് സമഗ്ര
പദ്ധതി തയ്യാറാക്കുന്നു.
• സംസ്ഥാനത്തെ 50,000 സർക്കാർ ഓഫീസുകളിൽക്കൂടി സ്മാർട്ട് മീറ്റർ
സ്ഥാപിക്കുന്നു. രണ്ടാഴ്‌ചകൊണ്ട് ഇവ സ്ഥാപിക്കും. നവംബറിൽ ഒരുലക്ഷം
മീറ്ററുകൾകൂടി സ്ഥാപിക്കും. തിരുവനന്തപുരത്തും കളമശേരിയിലും നടപ്പാക്കിയ
പദ്ധതി വിജയമായതോടെയാണ് കെഎസ്‌ഇബി ഇതിനുള്ള നടപടിയാരംഭിച്ചത്.