ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ചുമയ്ക്ക് മരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ ചിൻവാഡയിൽ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ചു.
കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ മൂന്ന് കുട്ടികൾ മരിച്ചു. വൃക്ക തകരാറിനെ തുടർന്നാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ കുട്ടികൾക്ക് മരുന്ന് നൽകിയ ഡോ.പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, നിയമവിരുദ്ധമായി മരുന്ന് നൽകിയതിന് ഡോ. പ്രവീൺ സോണിയെ മധ്യപ്രദേശ് സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെയും കേസെടുത്തിട്ടുണ്ട്.
മരുന്നിൻ്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കും.
ആറ് സംസ്ഥാനങ്ങളിലായി മരുന്ന് നിർമിക്കുന്ന 19 സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. തെലങ്കാനയിൽ സർക്കാർ മുന്നറിയിപ്പ് നൽകി. മരുന്നിൽ ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിർദേശം നൽകി.