സമ്പൂർണ ചന്ദ്രഗ്രഹണത്തിൻ്റെ ആകാശവിസ്മയം ദൂരദർശിനി സഹായം ഇല്ലാതെ ഞായറാഴ്ച രാജ്യത്ത് നേരിട്ട് ദൃശ്യമാകും. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാകും. ഞായറാഴ്ച രാത്രി ഏകദേശം 9.57 ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11 ന് പൂർണ ഗ്രഹണമായി മാറും. ഉച്ചയ്ക്ക് 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും.
ഈ സമയത്ത്, ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ദൃശ്യമാകും. കാരണം, സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, ഭൂമിയിലെ ഹ്രസ്വ-തരംഗ ദൈർഘ്യമുള്ള നിറങ്ങൾ കഴുകിപ്പോകുകയും കൂടുതൽ തരംഗദൈർഘ്യമുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ അടുത്ത പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബർ 31 ന് ആണ് ദൃശ്യമാവുക.
എന്താണ് ബ്ലഡ് മൂൺ ?
സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് ബ്ലഡ് മൂൺ. ഒരു ചന്ദ്രഗ്രഹണം സൂര്യനിൽ നിന്നുള്ള പ്രകാശത്തെ തടയുകയും ചന്ദ്രനിൽ നിഴൽ വീഴുകയും ചെയ്യുന്നു. എന്നാൽ, ഭൂമിയിൽ പതിക്കാതെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈർഘ്യം കൂടുതലുള്ള ചുവന്ന രശ്മികൾ അന്തരീക്ഷത്തിൽ വ്യതിചലിച്ച് ചന്ദ്രനിൽ പതിക്കുന്നു. അപ്പോൾ നിഴലിൽ നിൽക്കുന്ന ചന്ദ്രൻ ചുവപ്പ് അല്ലെങ്കിൽ ചെമ്പ് നിറത്തിൽ കാണപ്പെടുന്നു. ഇതാണ് ബ്ലഡ് മൂൺ.