ആലപ്പുഴ : കേരളജനതയുടെ ചങ്കിലെ റോസാപ്പൂവിനെ സ്വീകരിക്കാനൊരുങ്ങി വലിയ ചുടുകാടിന്റെ മണ്ണ്. നിസ്വവർഗത്തിന്റെ നായകനെ നെഞ്ചോടുചേർക്കാനായി കാത്തുനിൽക്കുന്ന വലിയ ചുടുകാട്ടിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.
വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേർന്നതാണ് വലിയചുടുകാട്. വി എസിന് അറിയുന്നവരും വി എസിനെ അറിയുന്നവരും രക്തസാക്ഷികളായി. ജീവനോടെയും അല്ലാതെയും അവരെ വലിയചുടുകാട്ടിലാണ് കൂട്ടിയിട്ട് കത്തിച്ചത്. വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്‌ണപിള്ള, പോരാട്ടങ്ങൾക്ക് തോളോടുതോൾ ചേർന്നുനിന്ന പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ കുഞ്ഞച്ചൻ, എൻ ശ്രീധരൻ, പി കെ വിജയൻ, സൈമൺ ആശാൻ, ആർ സുഗതൻ, ടി വി തോമസ്, പി ടി പുന്നൂസ്, ജോർജ് ചടയംമുറി, സി കെ ചന്ദ്രപ്പൻ തുടങ്ങിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ഊടും പാവും പകർന്ന സമുന്നതർക്കൊപ്പം വി എസും ഇനി ഇവിടെ അണയാത്ത സമരജ്വാലയാകും.