കരിപ്പൂരിൽ യുവതി എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം; മുഖ്യപ്രതിയായ കണ്ണൂർ സ്വദേശിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും #latest_news


കണ്ണൂർ: കരിപ്പൂരിൽ വൻ എം.ഡി.എം.എയുമായി യുവതിയും മൂന്ന് പേരും പിടിയിലായ സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ കണ്ണൂർ സ്വദേശിയും ഒമാനിൽ ജോലി ചെയ്യുന്നയാളുമായ നൗഫലാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒമാൻ പൊലിസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ഇയാളെ നാട്ടിലെത്തിക്കാനാണ് നീക്കം നടത്തുന്നത്. നൗഫലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലിസ് അറിയിച്ചു. 

പിടിയിലായ പത്തനംതിട്ട സ്വദേശിനിയായ സൂര്യ വെറും കാരിയറാണെന്നാണ് പൊലിസ് പറയുന്നത്. വിസിറ്റിങ് വിസയും പണവും നൽകി ഇവരെ ഒമാനിലേക്ക് എത്തിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തിന് കമ്മിഷനാണ് ഇവർക്ക് നിശ്ചയിച്ചിരുന്നത്.
സൂര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന സംഘത്തെ കുറിച്ചടക്കം വിവരം പൊലിസിന് ലഭിച്ചിരിക്കുന്നത്. 

ഒരു കിലോഗ്രാം എം.ഡി.എം.എയുമായാണ് പത്തനംതിട്ട സ്വദേശി സൂര്യയെ പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 16നാണ് ജോലി തേടി സൂര്യ ഒമാനിൽ പോയത്. കണ്ണൂർ സ്വദേശിയായ പരിചയക്കാരൻ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാം നാൾ സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫൽ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരിൽ നിന്ന് അത് സ്വീകരിക്കാൻ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരിൽ പൊലീസും ഉണ്ടാകുമെന്ന് സൂര്യക്ക് മനസ്സിലായില്ല. 

പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയ്യിൽ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ വാഹനം കണ്ട് കരിപ്പൂർ പൊലീസിന് തോന്നിയ സംശയമാണ് നിർണായക അറസ്റ്റിലേക്ക് എത്തിച്ചത്. 

മിഠായി കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സൂര്യയുടെ ബാഗിനകത്തായിരുന്ന ഈ ലഹരിമരുന്ന് വിമാനത്താവളത്തിലെ പരിശോധനയെ വിജയകരമായി മറികടന്നു. 

എന്നാൽ പുറത്ത് കാത്തുനിന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസിന് സംശയങ്ങൾ ബലപ്പെട്ടത് സൂര്യ എത്തിയപ്പോഴാണ്. അധികം വൈകാതെ നാല് പേരും അറസ്റ്റിലായി. 
കരിപ്പൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. അന്തർദേശീയ ലഹരി കടത്ത് സംഘത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക അറസ്റ്റാണ് സൂര്യയിലൂടെ  കരിപ്പൂർ പൊലീസ് നടത്തിയത്.  ഇതിനിടെയാണ് മയക്കുമരുന്ന് കടത്തിൻ്റെ മുഖ്യ ആസൂത്രകൻ നൗഫ ലാണെന്ന് വ്യക്തമായത്. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0