ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിൻ്റെ യാത്ര; ഒരുനോക്ക് കാണാൻ ആയിരങ്ങൾ #VS Achuthanadan

 

ജനസാഗരത്തിന് നടുവിലൂടെ വികാരനിർഭരമായ ജനനേതാവിൻ്റെ വിലാപയാത്ര. സെക്രട്ടറിയേറ്റിലെ ദര് ബാര് ഹാളില് നിന്ന് യാത്ര തുടങ്ങിയതുമുതൽ വൻ ജനാവലിയാണ് പ്രിയ സഖാവിനെ കാണാന് തടിച്ചുകൂടിയത്. പട്ടം, കേശവദാസപുരം, ഉള്ളൂർ, കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനെത്തിയ ജനങ്ങളെക്കൊണ്ട് വഴികൾ നിറഞ്ഞു.

 വയോധികർ ഉൾപ്പെടെ നിരവധി പേരാണ് വിഎസിനെ അവസാനമായി കാണാൻ എത്തിയത്. കഴക്കൂട്ടത്ത് മൈക്കിലൂടെ വിളിച്ചുപറഞ്ഞാണ് ജനങ്ങളെ വഴിയിൽ നിന്ന് മാറ്റിയത്. റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞിരിക്കുന്ന ജനങ്ങൾക്ക് നടുവിലൂടെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്.

രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെയാണ് അവസാനിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇന്ന് പുലർച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടിഷൻ ഉള്ള ജെ എൻ 363 എ സി ലോ ഫ്ലോർ ബസാണ് (കെഎൽ 15 എ 407) വി എസ് അച്യുതാനന്ദൻ്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ 10ന് സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ചടങ്ങുകളോടെയാണ് സംസ്‌കാരം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0