തിരുവനന്തപുരം :
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സംസ്ഥാന സെക്രട്ടറിയായും നയിച്ച വിഎസ് അച്യുതാനന്ദന് തലസ്ഥാനം അന്ത്യോപചാരം അർപ്പിച്ചു. കേരളത്തിൻ്റെ പ്രിയനേതാവ് വിഎസിന് ആലപ്പുഴയിലേക്കുള്ള അന്ത്യയാത്രയിൽ ആയിരങ്ങൾ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദർശനം പുലർച്ചെ രണ്ടിന് അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് വിഎസിൻ്റെ മൃതദേഹം ഹാളിന് പുറത്തേക്ക് കൊണ്ടുവന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി പ്രത്യേക ബസിലാണ് വിഎസിൻ്റെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്.
രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് എത്തും. ബുധനാഴ്ച രാവിലെ ഒമ്പതുവരെ അദ്ദേഹത്തിൻ്റെ വസതിയിലും 10 മണിക്ക് സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും അദ്ദേഹത്തെ പാർപ്പിക്കും. ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുജനങ്ങൾക്ക് മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടക്കും.