കാഞ്ഞങ്ങാട് : കള്ളതോക്ക് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് കള്ളതോക്കും നിർമ്മാണം പാതിയിലായ മറ്റൊരു തോക്കും പിടിച്ചു. ഒരാൾ അറസ്റ്റിലായി. കണ്ണൂർ ആലക്കോട് കാർത്തികപുരം സ്വദേശി എം.കെ. അജിത് കുമാർ (55)ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന കള്ളാർ കോട്ടക്കുന്ന് കൈക്കളം കല്ലിലെ വീട്ടിലെ തോക്ക് നിർമ്മാണ സ്ഥലത്ത് നിന്നുമാണ് തോക്കുകളുമായി അറസ്റ്റ് ചെയ്ത്.
പ്രതിക്ക് സഹായം ചെയ്ത് വന്ന രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപാണ് പ്രതി ഇവിടെ താമസിക്കാനെത്തി ആവശ്യക്കാർക്ക് തോക്ക് നിർമ്മിച്ച് തുടങ്ങിയത്. തോക്ക് നിർമ്മാണത്തിന് ആവശ്യമായ വിവിധ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. നാടൻ ഒറ്റ കുഴൽ തോക്കാണ് പിടികൂടിയത്.