പടർന്ന് പിടിച്ച് ചെങ്കണ്ണ്; ചിലരിൽ രോഗതീവ്രത കൂടുതൽ #conjunctivites

 


 

 

 

 

കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപകമാകുന്നു. ബാക്ടീരിയൽ കൻജൻക്ടിവൈറ്റിസിനേക്കാൾ വൈറസ് രോഗമാണ് ഇത്തവണ കൂടുതലും. അതിനാൽ അസുഖം ഭേദമാകാൻ കൂടുതൽ ദിവസം വേണ്ടിവരുന്നു. ചിലരിൽ രോഗതീവ്രതയും കൂടുതലാണ്. ഒരാൾക്ക്‌ ചെങ്കണ്ണ് വന്നാൽ വീട്ടിലെ മറ്റുള്ളവർക്കും രോഗസാധ്യതയേറെയാണ്. അതിനാൽ കരുതൽ വേണം. ചെങ്കണ്ണ് വന്നാൽ സ്വയം ചികിത്സിക്കരുത്. ചിലരിൽ രോഗം സങ്കീർണമായി കാഴ്ചയെ ബാധിച്ചേക്കാം.

നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൻജങ്‌ക്ടിവൈറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ വൈറസോ ബാക്ടീരിയയോ ആകാം.

രോഗലക്ഷണങ്ങൾ

കണ്ണിൽ ചുവപ്പുനിറം. കൺപോളകളിൽ വീക്കവും തടിപ്പും. തുറക്കാൻ പറ്റാത്തവിധം കണ്ണിൽ പീളകെട്ടുക. കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. വെളിച്ചം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടുപോയതുപോലെ തോന്നൽ എന്നിവയാണ് ബാക്ടീരിയൽ അണുബാധയുടെ ലക്ഷണങ്ങൾ.

എന്നാൽ വൈറസാണ് കാരണമാണെങ്കിൽ കണ്ണിൽ പീള കെട്ടില്ല. കണ്ണിൽ നേർത്ത ചുവപ്പ്, പോളതടിപ്പ്, കരട് പോയതുപോലെ, വേദന എന്നിവയുണ്ടാകും. വൈറസിന്റെ പലതരം ഉപവിഭാഗങ്ങളുണ്ട്. അതിനനുസരിച്ച് രോഗതീവ്രതയിൽ മാറ്റംവരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.നല്ല വ്യക്തിശുചിത്വം പാലിക്കുക

2.രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക
3.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
4.കഴുകാത്ത കൈകൊണ്ട് കണ്ണിൽ തൊടരുത്
5.രോഗി ഉപയോഗിച്ച തൂവാല ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കരുത്
 6.ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകുംവരെ സ്കൂളിൽ വിടരുത്. കണ്ണിന് വിശ്രമം നൽകണം.
 7.രോഗി കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണം. മൊബൈൽ, ടി.വി. എന്നിവ നോക്കിയിരിക്കുന്നത് കണ്ണിന് ആയാസം കൂട്ടും.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0