• 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രാവിലെ 10 മണിക്ക്
നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
• ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ
പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന്
മന്ത്രി കെ രാജൻ.
• മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍.
മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന
അവാര്‍ഡും ലഭിച്ചു.
• കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ
ചടങ്ങ് നടന്നത്.
• കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.
മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവർക്കെതിരെ പൊലീസ് കേസ്
രജിസ്റ്റർ ചെയ്തിരിക്കുന്നത്.
• സുപ്രീംകോടതി ഇടപെട്ടതിനുപിന്നാലെ ജയിലുകളിലെ ജാതിവിവേചനം
അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒടുവില്‍ നടപടിയെടുത്തു.
മാതൃകാ ജയിൽ മാന്വലും അനുബന്ധചട്ടങ്ങളും ഭേദഗതിചെയ്‌തു.
• ആയിരങ്ങളുടെ ജീവനെടുത്ത വിഷവാതക ദുരന്തം നടന്ന്
നാൽപ്പതുവര്‍ഷത്തിനുശേഷം ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിൽ
വിഷമാലിന്യങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടുപോയി.
• രാജ്യത്ത് നിന്ന് ദാരിദ്ര്യം അപ്രത്യക്ഷമായെന്ന നിതി ആയോഗ് റിപ്പോര്‍ട്ട്
കളവെന്ന് പഠനം. രാജ്യത്തെ 26.4 ശതമാനം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ
പിടിയിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
• ചരിത്രം കുറിച്ച് ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന
ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും.
രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക.