കേരള ജനത കണ്ട ഏറ്റവും വലിയ ദുരന്തത്തെയും ആ ദുരന്തം മൂലം ജീവനും സ്വത്തും സർവ്വവും നഷ്ടപ്പെട്ടവരെയും അവഹേളിച്ച് കേന്ദ്ര സർക്കാർ, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് കേരളത്തെ കേന്ദ്രസർക്കാർ മനപ്പൂർവ്വം അവഹേളിക്കുന്നതിന്റെ നേർ ചിത്രം വ്യക്തമാകുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് പ്രസ്താവിച്ചത്. കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മറുപടി. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. എന്നാൽ, നടപടി എന്താണെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് കത്ത് നൽകിയിരുന്നു. എന്നാൽ, ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. എസ്ഡിആർഎഫിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട്സ് ജനറൽ അറിയിച്ചിട്ടുണ്ടെന്നും നിത്യാനന്ദ റായി പറഞ്ഞു.
ഉരുൾ പൊട്ടലിന് ശേഷം സംഭവിച്ചതും ഇത്രയും നഷ്ട വ്യാപ്തി ഇല്ലാത്തതുമായ ദുരന്തങ്ങളെ പോലും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു കൂടുതൽ നഷ്ടപരിഹാരം ഉൾപ്പടെ സഹായങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ നടപടികൾക്ക് ശേഷം ആണ് കേരളത്തോട് ഈ നീതികേട് എന്നതാണ് കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ എല്ലാവരും എതിർക്കുകയാണെങ്കിലും ഇതിനെ ന്യായീകരിക്കുന്ന വ്യാജ പോസ്റ്റുകൾ ചില തല്പര കക്ഷികൾ പ്രചരിപ്പിച്ചു കേന്ദ്ര സർക്കാരിനെ സംരക്ഷിക്കുവാനും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും വയനാട് ജനതയോട് ചെയ്ത ഈ വഞ്ചനയ്ക്ക് എതിരെ പ്രതികരിക്കുമെന്നാണ് ദുരന്തത്തിന്റെ കാഠിന്യം ഏറ്റുവാങ്ങിയ പൊതുജനങ്ങളുടെ അഭിപ്രായം.