ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സേവനമായ 'ടിക്കറ്റ് ന്യൂ'വിനെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നു. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നില്‍. ഈ രംഗത്തേക്കാണ് സൊമാറ്റോയും കടന്നുവരുന്നത്.
2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ് പേടിഎം സൊമാറ്റോയ്ക്ക് കൈമാറുന്നത്.
സിനിമാ ടിക്കറ്റിങ് സേവനം സ്വന്തമായി ആരംഭിച്ച പേടിഎം 2017, 2018 വര്‍ഷങ്ങളിലാണ് തത്സമയ പരിപാടികളുടെ ടിക്കറ്റ് ബുക്കിങ് സേവനമായ ഇന്‍സൈഡറിനേയും സിനിമാ ടിക്കറ്റിങ് സേവനമായ ടിക്കറ്റ് ന്യൂവിനേയും ഏറ്റെടുത്തത്.
തങ്ങളുടെ പ്രധാന വ്യവസായ മേഖലയായ സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേടിഎമ്മിന്റെ തീരുമാനം. അതേസമയം ഫുഡ് ഡെലിവറി രംഗത്ത് നിന്ന് കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സൊമാറ്റോയ്ക്കും സാധിക്കും.