സ്വകാര്യ കമ്പനികള്‍ ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിമാസ ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍ എത്തുന്നത്. സ്വകാര്യകമ്പനികളെ വെല്ലുവിളിക്കും വിധം പുതിയ 997 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
160 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് 5 മാസത്തോളം പ്ലാനിന് വാലിഡിറ്റിയുണ്ടാവും. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. ആകെ 320 ജിബിയിലേറെ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി പരിധിയില്‍ ലഭിക്കും. പ്രതി ദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ എന്നിവയും പ്ലാനിലുണ്ട്.
നിലവില്‍ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാന്‍ 349 രൂപയുടേതാണ്. 28 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഇതേ ആനുകൂല്യങ്ങള്‍ക്ക് 997 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ മാസം ഏകദേശം 199 രൂപ മാത്രമാണ് ചെലവ് വരിക.
ഹാര്‍ഡി ഗെയിംസ്, സിങ് മ്യൂസിക്, ബിഎസ്എന്‍എല്‍ ട്യൂണ്‍ തുടങ്ങിയ അധിക സേവനങ്ങളും ആസ്വദിക്കാം.
കൂടുതല്‍ നഗരങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വേഗത്തില്‍ ഡാറ്റ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ഒക്ടോബറില്‍ 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഇതിനകം വിവിധ നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാണ്. നേരത്തെ തന്നെ 4ജി സിംകാര്‍ഡുകളും പുറത്തിറക്കിയിരുന്നു. അതിനാല്‍ ഇതുവരെ ഉണ്ടായിരുന്ന ബിഎസ്എന്‍എല്‍ സേവനങ്ങളിലെ അതിവേഗ ഇന്റര്‍നെറ്റിന്റെ അഭാവം ഇനിയുണ്ടാവില്ല.