രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി. അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പത്രകുറിപ്പിൽ വ്യക്തമാക്കി.
മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ വിമർശനം. ആലപ്പുഴയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പത്താം ക്ലാസ് പരീക്ഷയിൽ 210 മാർക്ക് കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും ആരെങ്കിലും പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ പരാജയമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.