വാസയോഗ്യമാവാൻ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ഗവേഷക സംഘങ്ങൾ. ഭൂമിയേക്കാൾ അൽപം ചെറുതും എന്നാൽ ശുക്രനേക്കാൾ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese 12b) എന്നാണ് ഇതിന് പേര്. മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27 ശതമാനം മാത്രം വലിപ്പവും 60 ശതമാനം മാത്രം താപവും മാത്രമാണ് ഈ നക്ഷത്രത്തിനുള്ളത്. 12.8 ദിവസം കൊണ്ടാണ് ഗ്ലീസ് 12ബി ഈ നക്ഷത്രത്തെ ചുറ്റിവരുന്നത്.
സൂര്യനേക്കാൾ ചെറിയ നക്ഷത്രത്തെയാണ് ചുറ്റുന്നതെങ്കിലും ജലത്തിന് നിലനിൽക്കാൻ സാധ്യതയുള്ള സ്ഥാനത്താണ് ഗ്ലീസ് 12ബി സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിന് അന്തരീക്ഷമില്ലെന്നാണ് ഗവേഷകരുടെ അനുമാനം. ഉപരിതല താപനില 47 ഡിഗ്രി സെൽഷ്യസ് ആണ്.
നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഗ്ലീസ് 12ബിയെ കണ്ടെത്തിയത്. ഗ്രഹങ്ങൾ പരിക്രമണം പൂർത്തിയാക്കുമ്പോൾ വലിയ രീതിയിൽ ഈ നക്ഷത്രങ്ങൾ മങ്ങുന്നതിനാൽ ചുവന്ന കുള്ളൻ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത് ജ്യോതിശാസ്ത്രജ്ഞർക്ക് എളുപ്പമാണ്.
നിലവിൽ അന്തരീക്ഷം എങ്ങനെയാണുള്ളതെന്നോ അന്തരീക്ഷം ഉണ്ടോ എന്നും ജലം അവിടെ ഉണ്ടോ എന്നും ശാസ്ത്രജ്ഞർക്ക് ഉറപ്പില്ലെന്ന് ജലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എഡിൻബർഗ് സർവകലാശാലയിലെ ഡോക്ടറൽ വിദ്യാർഥിയായ ലാരിസ പാലതോർപ്പ് പറഞ്ഞു.
'അവിടെ വെള്ളം ഉണ്ടാകാനിടയില്ല. കാരണം ഈ ഗ്രഹത്തിൽ നേരത്തെ തന്നെ ഒരു ഹരിതഗൃഹ പ്രഭാവം നടന്നിട്ടുണ്ട്. നിലവിൽ ഇത് ശുക്രനെ പോലെയാണ്.' ലാരിസ പറഞ്ഞു. ഭൂമിയെ പോലെ ആയിരുന്നുവെങ്കിൽ അവിടെ വെള്ളം ഉണ്ടാകുമായിരുന്നുവെന്നും അവർ പറഞ്ഞു.
ജെയിംസ് വെബ്ബ് ദൂരദർശിനി ഉപയോഗിച്ച് ഗ്ലീസ് 12ബി ഗ്രഹത്തെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതോടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
സൗരയൂഥത്തിൽ അടുത്തടുത്ത ഗ്രഹങ്ങളായിട്ടും ഭൂമി വാസയോഗ്യമാവുകയും ശുക്രൻ അങ്ങനെ അല്ലാതാവുകയും ചെയ്തത് എങ്ങനെയെന്ന് പഠിക്കാൻ ഗ്ലീസ് 12ബിയെ കുറിച്ചുള്ള പഠനങ്ങൾ സഹായിച്ചേക്കും.
ഈ ഗ്രഹം വാസയോഗ്യമായിരിക്കാമെങ്കിലും ജ്യോതിശാസ്ത്രപരമായി സൗരയൂഥത്തിന് അടുത്താണെന്ന് പറയാമെങ്കിലും മനുഷ്യന് ഇവിടേക്ക് എത്തിച്ചേരാനാവില്ല. കാരണം ഇന്ന് നിലവിലുള്ള ഏറ്റവും വേഗമേറിയ ബഹിരാകാശ പേടകത്തിൽ യാത്ര ചെയ്‌താൽ പോലും 225000 വർഷങ്ങൾ യാത്ര ചെയ്താലേ ഗ്ലീസ് 12ബിയിൽ എത്താനാവൂ.