പാലത്തായി പീഢനം, പ്രതി പത്മരാജനെ പിരിച്ചുവിട്ട് സ്ക്കൂൾ മാനേജ്മെന്റ്. #Palathayi_Pocso_Case


പാലത്തായി പോക്സോ കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ അധ്യാപകനെ സർവീസില്‍ നിന്ന് നീക്കാൻ സ്കൂള്‍ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദേശം നല്‍കിയിരുന്നു. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു പത്മരാജൻ.

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2) (എഫ്‌), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്‌, എല്‍, എം) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്‌ പത്മരാജനെതിരെ തെളിഞ്ഞത്‌. തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു.

അധ്യാപകനായിരുന്ന കെ പത്മരാജൻ ശുചിമുറിയില്‍ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാനൂർ പോലീസ്‌ 2020 മാർച്ച്‌ 17നാണ്‌ കേസെടുത്തത്‌. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന്‌ ഏപ്രില്‍ 15ന്‌ പ്രതിയെ പോലീസ് അറസ്റ്റു ചെയ്‌തു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0