ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 നവംബർ 2025 | #NewsHeadlines

• ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രണവിധേയം. സന്നിധാനത്ത് ഭക്തരുടെ എണ്ണം കുറയുന്നതനുസരിച്ച് നിലയ്ക്കലിലും പമ്പയിൽ നിന്നും കൂടുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും. പമ്പ മുതൽ സന്നിധാനം വരെ ഒരിടത്തും ഭക്തർക്ക് കാത്ത് നിൽക്കേണ്ട സാഹചര്യം നിലവിലില്ല. മൂന്നു ദിവസം കൊണ്ട് ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയത് 3 ലക്ഷത്തിലധികം പേർ.

• ഗാസയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ പ്രദേശത്ത് നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആക്രമണം.

• സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ്
ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും.

• ശബരിമല സ്വർണ മോഷണക്കേസിൽ മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

• ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം രോഹിത് ശർമയ്ക്ക് നഷ്ടമായി. പുതിയ റാങ്കിങ്ങിൽ ന്യൂസിലൻഡ് താരം ഡാരൻ മിച്ചലാണ് രോഹിതിനെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ സെഞ്ച്വറി മികവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഡാരൻ മിച്ചലിനെ എത്തിച്ചത്.

• എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു ഖേൽക്കർ. നഗരങ്ങളിൽ ചിലയിടങ്ങളിൽ ബാക്കിയുണ്ടെന്നും അത് എത്രയും വേഗം തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

• മുഖ്യമന്ത്രിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ടീന ജോസിനെ തള്ളി സിഎംസി സന്യാസ സമൂഹം. മുഖ്യമന്ത്രിയെ കൊലപ്പെടുത്തണം എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയ ടീന ജോസ് നിലവിൽ സന്യാസ സഭാംഗമല്ല എന്ന് സഭാ നേതൃത്വം പ്രതികരിച്ചു.

• ആഗോളതലത്തിൽ ഇന്റർനെറ്റ്‌ സ്വാതന്ത്ര്യത്തിൽ തുടർച്ചയായ പതിനഞ്ചാം വർഷവും ഇടിവ്‌ രേഖപ്പെടുത്തി. യുഎസ്‌ ആസ്ഥാനമായ ഫ്രീഡം ഹ‍ൗസ്‌ എന്ന സംഘടന പുറത്തിറക്കിയ ‘ഫ്രീഡം ഓൺ ദ നെറ്റ്‌ 2025’ എന്ന റിപ്പോർട്ടിലാണ്‌ ലോക ഇന്റർനെറ്റ്‌ സ്വാതന്ത്ര്യത്തിൽ വീണ്ടും ഇടിവുണ്ടായത്‌.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0