ഇന്ന് മെയ്ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി റാലികളും അനുബന്ധ പരിപാടികളും നടത്തുന്നു. കേരളത്തിലും തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കുന്നു.
കണ്ണൂരിൽ പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി റാലിയും പൊതുയോഗങ്ങളും നടന്നു.
ആലക്കോട് മേഖലയിൽ രയരോം ടൗൺ കേന്ദ്രമാക്കി തൊഴിലാളി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച റാലിയിൽ വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ അണിനിരന്നു. CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ ഒന്നിക്കുവാൻ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ആലക്കോട് ഏരിയ സെക്രട്ടറി ടി പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ AITUC കണ്വീനർ സജി അധ്യക്ഷനായി.