വയോധികയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് മകന്‍റെ വീട്ടില്‍ എത്തിച്ച് നാട്ടുകാര്‍...... #Kerala_News


ആലപ്പുഴ: പൂന്തോപ്പ് വാര്‍ഡ് പുതുവല്‍ വീട്ടില്‍ എല്‍സി ജോസഫ് (75) രണ്ടുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന്‍ മനോജിനും കുടുംബത്തോടും ഒപ്പമാണ് എല്‍സി താമസിച്ചിരുന്നത്. ബുധനാഴ്ച എല്‍സിയുടെ മരണം സംഭവിച്ചപ്പോഴേക്കും മഴയില്‍മുങ്ങി പ്രദേശവും വീടും വെള്ളക്കെട്ടിലായി. വീട്ടിലേക്ക് ആര്‍ക്കും എത്താനാകാത്ത അവസ്ഥയായതോടെ സംസ്‌കാരവും മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനമായി.

അങ്ങനെയാണ് ഇ.എസ്.ഐയിലെ മൂത്തമകന്‍ ബാബുസണ്‍ന്റെ വീട്ടിലേക്ക് മൃതദേഹം മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇതിനായി ആംബുലന്‍സ് എത്തിയെങ്കിലും വീടിനടുത്തേക്ക് ചെല്ലാന്‍ സാധിക്കാതെ വന്നതോടെ അയല്‍വാസികള്‍ മൃതദേഹമെടുത്ത് വെള്ളത്തിലൂടെ റോഡില്‍ എത്തുകയായിരുന്നു. കണ്ടുനിന്നവര്‍ക്കും എല്‍സിയുടെ അന്ത്യയാത്ര വേദനയായി. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

ഇന്ന് യെല്ലോ അലേർട്ട് ; ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, മഴയില്‍ ഒരു മരണം


ആര്‍ത്തുപെയ്ത മഴയില്‍ ജനജീവിതം അടപടലം അട്ടിമറിഞ്ഞു. ഒരാള്‍ മരിച്ചു. മുട്ടം പറത്തറയില്‍ ദിവാകരന്‍ (67) വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഭക്ഷണത്തിനുശേഷം വീടിനു പുറത്തേക്കിറങ്ങിയ ദിവാകരന്‍ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ കോരിച്ചൊരിഞ്ഞ മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിലായി.

ആഞ്ഞടിച്ച കാറ്റിന് പിന്നാലെയായിരുന്നു മഴ. അപ്രതീക്ഷിതമായി വെള്ളംകയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കുട്ടനാട്ടില്‍ രണ്ടാംകൃഷിക്കു നിലമൊരുക്കിയ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 435 കുടുംബങ്ങളിലെ 1186 പേരാണ് ക്യാമ്പില്‍.

ജില്ലയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 59 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ബുധനാഴ്ച രാവിലെ എട്ടരവരെയുള്ള കണക്കു പ്രകാരം 100.04 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. എല്ലാ താലൂക്കുകളിലും ശക്തമായി പെയ്‌തെങ്കിലും കായംകുളത്താണു കൊരിച്ചൊരിഞ്ഞത്. ഇവിടെ 142.2 മില്ലിമീറ്റര്‍ രേഖപ്പെടുത്തി. വ്യാഴാഴ്ച ജില്ലയില്‍ മഞ്ഞജാഗ്രത നല്‍കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0