അഗ്നിബാൻ സോർട്ടെഡ് റോക്കറ്റ് വിക്ഷേപണം വിജയം..... #Agnikul_Cosmos


ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പായ അഗ്നികുല്‍ കോസ്‌മോസ്. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സോര്‍ട്ടെഡ് (Agnibaan SOrTeD (Suborbital Tech Demonstrator) എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. സെമിക്രയോജനിക് എഞ്ചിനാണ് റോക്കറ്റിന്. ഐഎസ്ആര്‍ഒ ഇതുവരെ സെമി-ക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല.

രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിന്റെ പരീക്ഷണമാണ് നടന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്.

കെറോസിനും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജനും അടങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അഗ്നികുല്‍ കോസ്‌മോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകന്‍ എസ്പിഎം മോയിന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ഇതുവരെ സെമിക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിച്ചിട്ടില്ലെങ്കിലും. ഒരു 2000 കിലോന്യൂട്ടണ്‍സ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ ഇഗ്നിഷന്‍ ടെസ്റ്റ് മേയ് 2 ന് നടത്തിയിരുന്നു. മറ്റ് ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ നേട്ടം കൈവരിക്കാനായി്ടില്ല.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ നാല് തവണ അഗ്നിബാന്‍ സോര്‍ട്ടഡ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവെച്ചിരുന്നു. അഞ്ചാം വിക്ഷേപണ ശ്രമം വിജയം കാണുകയും ചെയ്തു. 2017 ല്‍ എയറോസ്പേസ് എഞ്ചിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും. എസ്പിഎം മോയിനും ചേര്‍ന്നാണ് അഗ്‌നികുല്‍ കോസ്മോസിന് തുടക്കമിട്ടത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0